കാലിഫോര്‍ണിയ:  രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളുള്ള വീഡിയോകള്‍ പലപ്പോഴും എഡിറ്റ് ചെയ്ത് തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വ സാധാരണമാണ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവരുടെ ചിത്രങ്ങള്‍ മാറ്റി പകരം ഭരണാധികാരികളുടേയോ രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവരുമുണ്ട്. 

ഈ പ്രതിസന്ധിക്ക് പരിഹാരവുമായി നിര്‍മിത ബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജന്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ ആയ അമിത് റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. 

ഒറ്റനോട്ടത്തില്‍ വിദഗ്ധരെപ്പോലും കബളിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റ് ചെയ്ത വ്യാജ ചിത്രങ്ങളെയും വീഡിയോകളെയും തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനത്തിന് രൂപം കൊടുത്തിരിക്കുന്നതെന്ന് ഗവേഷകരുടെ വാദം. ഇതിനായി ഉണ്ടാക്കിയ നിര്‍മിത ബുദ്ധിയെ കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം.

നിലവില്‍ വ്യാജചിത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മാത്രമേ ഇവര്‍ വികസിപ്പിച്ച സംവിധാനത്തിന് നേടാന്‍ സാധിക്കു. പൂര്‍ണ സജ്ജമാകുന്നതോടെ ഭാവിയില്‍ ഒരു ചിത്രമോ വീഡിയോയോ നല്‍കിയാല്‍ അത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ഇതിന് സാധിക്കുമെന്നാണ് ഗവേഷർ അവകാശപ്പെടുന്നത്. മാത്രമല്ല എവിടെവെച്ചാണ് വ്യാജ ചിത്രം നിര്‍മിച്ചിരിക്കാന്‍ സാധ്യയുണ്ടാവുക എന്ന് അന്വേഷിച്ച് കണ്ടെത്താനും സാധിക്കുമെന്നും ഇവർ പറയുന്നു.

എത്ര വിദഗ്ധമായി കബളിപ്പിക്കാന്‍ ശ്രമിച്ചാലും ഇതിന്റെ ബുദ്ധിയെ പറ്റിക്കാന്‍ സാധിക്കില്ലെന്നാണ് അമിത് റോയ് ചൗധരി പറയുന്നത്. മനുഷ്യന് സാധ്യമാവാത്ത തരത്തില്‍ ചിത്രത്തിന്റെയോ വീഡിയോയുടെയോ  ഓരോ സൂഷ്മമായ ഭാഗങ്ങളും ഇവര്‍ നിര്‍മിച്ചെടുത്ത സംവിധാനത്തിന് പരിശോധിക്കാന്‍ സാധിക്കുമത്രെ. 

സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായ രീതിയിലേക്ക് ഇതിനെ വികസിപ്പിക്കും. നിലവില്‍ എലിയും പൂച്ചയും കളിപോലെയാണ് വ്യാജന്മാരെ പിടിക്കാനുള്ള പരിശ്രമങ്ങള്‍. ഇതിന് അറുതിവരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.

Content Highlights:  a team of Indian-origin researchers led by Amit Roy Chaudhary  has developed Artificial Intelligence (AI)-driven deep neural network that can identify manipulated images at the pixel level with high precision.