ലണ്ടന്‍: വ്യക്തിസുരക്ഷാ ഉപകരണം (പി.പി.ഇ) സംബന്ധിച്ച് ലോകാരോഗ്യ സംഘടനയില്‍നിന്നു വിഭിന്നമായി ബ്രിട്ടീഷ് ദേശീയ ആരോഗ്യ അതോറിറ്റി നല്‍കിയ മാര്‍ഗനിര്‍ദേശത്തിലെ പൊരുത്തക്കേട് സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാര്‍ കോടതിയെ സമീപിക്കുന്നു. കൂടാതെ മറ്റു പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിക്കുന്നത്. 

മെഡിസിന്‍ ക്ലിനിക്കല്‍ ഫെലോ ഡോ. മീനല്‍ വിസും ജനറല്‍ പ്രാക്ടീഷണര്‍ ട്രെയിനിയും ഭര്‍ത്താവുമായ നിഷാന്ത് ജോഷിയുമാണ് യു.കെ. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുക്കൊണ്ട് കോടതിയില്‍ എത്തിയിരിക്കുന്നത്. 

മാറ്റം വരുത്തിയ ക്രമീകരണങ്ങള്‍ ശരിയാണെന്ന് പറയാന്‍ എന്ത് ശാസ്ത്രീയ തെളിവാണ് യു.കെ. സര്‍ക്കാരിനുള്ളതെന്നും ഇവര്‍ ചോദിക്കുന്നു. എന്തു കൊണ്ടാണ് ബ്രിട്ടീഷ് നിര്‍മ്മതാക്കള്‍ പി.പി.ഇ. കിറ്റ്‌ നിര്‍മാണത്തില്‍ ഏര്‍പ്പാടാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു. 

ഇക്കാര്യങ്ങളില്‍ 48 മണിക്കൂറിനം വിശദീകരണം നല്‍കണമെന്നായിരുന്നു ദമ്പതിമാരുടെ ആവശ്യം. മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിനും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും ഡോ. മീനല്‍ വിസ് പറഞ്ഞു. 

നാലാഴ്ചയായിട്ടും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. എന്തൊക്കെയോ മറച്ചുവെക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. ഞങ്ങളിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോടതിയില്‍ ഉടന്‍ പരാതി ഫയല്‍ ചെയ്യും. എട്ടു മാസം ഗര്‍ഭിണികൂടി ആയിട്ടുള്ള മീനല്‍ വിസ് വ്യക്തമാക്കി.

പി.പി.ഇ. കിറ്റുകളുടെ ക്ഷാമം മാര്‍ച്ച് ആദ്യം മുതല്‍ തന്നെയുണ്ട്. കുറവുകള്‍ക്ക് അനുസൃതമായി മാര്‍ഗ്ഗനിര്‍ദേശം മാറ്റുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഇക്കാര്യത്തില്‍ ഒരു ശാസ്ത്രീയ പിന്‍ബലവുമില്ല. ഗര്‍ഭിണിയായ ഒരു നഴ്‌സ് കൊറോണ ബാധിച്ച് ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷം മരിച്ചു. ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട മാര്‍ഗനിര്‍ദേശം സംബന്ധിച്ച് ഈ ഘട്ടത്തില്‍ വ്യക്തതയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Content Highlights: Indian-origin doctor couple take UK govt to court over PPE guidance discrepancy