യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജയും. യുണൈറ്റഡ് നേന്‍ഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(UNDP) ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംക്ഷ അറോറയെന്ന 34 കാരിയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആകാംക്ഷ അറോറ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. 

ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താന്‍ മത്സരിക്കുന്ന വിവരം അറോറ അറിയിച്ചത്. ഇക്കൊല്ലം ഡിസംബര്‍ 31 നാണ് ഗുട്ടറെസിന്റെ പ്രവര്‍ത്തനകാലാവധി അവസാനിക്കുന്നത്. 

'എന്നെപ്പോലെയുള്ള ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊഴം കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് നിലവില്‍, ലോകം ഏതു വിധത്തിലാണോ അതിനെ അതേ രീതിയില്‍ സ്വീകരിച്ച് തലകുനിച്ച് നീങ്ങേണ്ട അവസ്ഥ'-തന്നെ പിന്തുണയ്ക്കണമെന്നഭ്യര്‍ഥിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറോറ ആകാംക്ഷ പറയുന്നു. 

'പ്രവര്‍ത്തനമാരംഭിച്ച് 75 കൊല്ലമായിട്ടും ലോകത്തോടുള്ള വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടില്ല, അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സാധിച്ചിട്ടില്ല, മനുഷ്യത്വപരമായ സഹായം വേണ്ട വിധത്തിലെത്തിക്കുന്ന കാര്യത്തില്‍ സംഘടന പരാജയപ്പെട്ടിരിക്കുന്നു. നൂതനസാങ്കേതികവിദ്യയും പുതിയ മാറ്റങ്ങളും ഇപ്പോഴും സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ല. പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഐക്യരാഷ്ട്രസഭയാണ് നമുക്കാവശ്യം'- അറോറ തുടരുന്നു. 

സംഘടനയുടെ ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് താന്‍  സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് പറയുന്ന അറോറ യുഎന്‍ ഇപ്പോള്‍ ചെയ്യുന്നത് ഏറ്റവും മികച്ച കാര്യങ്ങളാണെന്ന് അംഗീകരിക്കാന്‍ താനൊരുക്കമല്ലെന്നും വ്യക്തമാക്കുന്നുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഐക്യരാഷ്ട്രസഭ ആസ്ഥാനത്താണ് ചിത്രീകരിച്ചിരിക്കുന്നത്. 

'നിലവിലെ പ്രവര്‍ത്തനങ്ങളിലുള്ള അപാകത ചൂണ്ടിക്കാട്ടാന്‍, അതിനെതിരെ പ്രവര്‍ത്തിക്കാന്‍, ഒരു മാറ്റം വരുത്താന്‍ ആദ്യമായി ആരെങ്കിലും ധൈര്യത്തോടെ തയ്യാറാവണം, അതിനാലാണ് മത്സരിക്കുന്നത്. യോഗ്യതയില്ലാത്ത ഒരാളിലേക്ക് അധികാരമെത്തിച്ചേരാന്‍ അനുവദിക്കരുത്, അനിവാര്യമായ മാറ്റത്തെ പ്രതിനിധീകരിക്കുന്ന തലമുറയിലെ അംഗമാണ് ഞാനും. മാറ്റത്തെ കുറിച്ച് വെറുതെ പറയുകയല്ല, മാറ്റം ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്'- അറോറ കൂട്ടിച്ചേര്‍ക്കുന്നു. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും അറോറ നന്ദിയും അറിയിക്കുന്നതിനൊപ്പം തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസില്‍ ബിരുദം നേടിയ അറോറ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയതായി വെബ്‌സൈറ്റിലെ വ്യക്തി വിവരണത്തില്‍ ചേര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ ജനിച്ച അറോറയ്ക്ക് ഇന്ത്യയില്‍ ഒസിഐ കാർഡും കനേഡിയന്‍ പാസ്‌പോര്‍ട്ടുമുള്ളതായി പാസ്സ്ബ്ലൂ ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഘടനയുടെ ചരിത്രത്തിലിതു വരെ ഒരു സ്ത്രീ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടില്ല. സുരക്ഷാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുസഭയാണ് ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം ഇതില്‍ നിര്‍ണായകമാണ്. 

സാധാരണയായി അംഗ രാജ്യങ്ങളാണ്  സ്ഥാനാർഥികളെ അവതരിപ്പിക്കുക. അതു കൊണ്ടു തന്നെ ആകാംക്ഷ അറോറയുടെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെടാൻ ഇടയില്ല. 

 

Content Highlights: Indian Origin Arora Akanksha Announces Her Candidacy To Be UN Chief