കൊളംബോ:  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിന് ശ്രീലങ്കന്‍ തീരത്തിന് സമീപത്തുവെച്ച് തീപ്പിടിച്ചു. ന്യൂ ഡയമണ്ട് എന്ന് വമ്പന്‍ കപ്പലിനാണ് തീപ്പിടിച്ചത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍.

രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്‌സ അറിയിച്ചു.

കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്.  

കപ്പലില്‍ 270,000 ടണ്‍ ക്രൂഡ് ഓയിലാണ് ഉള്ളത്. കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.

Content Highlights: Indian Oil's Large Crude Carrier Catches Fire Off Colombo: Report