ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പന്ത്രണ്ട് വയസ്. 2004 ഡിസംബര്‍ 26നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചത്. ദുരന്തത്തില്‍പ്പെട്ട അനേകായിരങ്ങള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു ഉറ്റവരെയും, ഉടയവരെയും നഷ്ടമാക്കിയ ആ കറുത്ത ദിവസത്തെ.

tusunami 2

ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുമ്പേ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. 14 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം അന്നുണ്ടായെന്നാണ് കണക്കാക്കുന്നത്. ഒരു നിമിഷം കൊണ്ട് ഒരു ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം കവര്‍ന്നെടുത്താണ് രാക്ഷസത്തിരകള്‍ പിന്‍വാങ്ങിയത്.

ഇന്ത്യോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി ഉണ്ടായത്. സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 9.2 തീവ്രതയുള്ള ഭൂകമ്പത്തെതുടര്‍ന്ന് ആഞ്ഞടിച്ച സുനാമിയില്‍ ഇന്തോനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ നാശം വിതക്കുകയായിരുന്നു. സുനാമിയുടെ അലകള്‍ ആഫ്രിക്കന്‍ തീരങ്ങളിലും ഓസ്‌ട്രേലിയയിലും വരെയെത്തി.

tusunami 1

ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആ സുനാമിയില്‍ ഏറ്റവുമധികം നാശമുണ്ടായതും ഇന്തോനേഷ്യയിലാണ്. അവിടുത്തെ പല പ്രദേശങ്ങളും ഇന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല.

ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ട്പെട്ടു. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സുനാമി വന്‍ ആഘാതമുണ്ടാക്കിയത്. കേരളത്തില്‍ ആയിരത്തോളം ജീവനുകളാണ് സുനാമി കവര്‍ന്നത്.