ന്യൂഡല്‍ഹി:ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കാര്‍ഗോ കപ്പല്‍ എംവി ജഗ് അമര്‍ കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യന്‍ നാവിക സംഘം പരാജയപ്പെടുത്തി. നാവിക നിരീക്ഷണ സംഘത്തിന്റെ ഐഎന്‍എസ് തൃശൂലിന്റെ സഹായത്തോടെയാണ് കൊള്ളശ്രമം പരാജയപ്പെടുത്തിയത്.82000 ടണ്‍ ശേഷിയുള്ള ചരക്ക് കപ്പലാണ് ജഗ് അമര്‍.ആക്രമണ സമയത്ത് 26 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

സൊമാലിയയ്ക്കും യമനും ഇടയില്‍ ചെങ്കടലിലൂടെയുള്ള സമുദ്രപാതയിലാണ് ഏദന്‍ ഉള്‍ക്കടല്‍.കപ്പല്‍ റാഞ്ചാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന അപായ സൂചനയെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ കപ്പല്‍ തീരത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം കപ്പല്‍ തീരത്തെത്തിച്ചു.

കപ്പല്‍ ആക്രമിക്കാന്‍ ശ്രമിച്ച കൊള്ളസംഘത്തിനു വേണ്ടി നാവിക സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കൊള്ളസംഘത്തിന്റേതെന്നു കരുതുന്ന എ.കെ 47 തോക്ക്, ഇരുമ്പ് കുടുക്ക്, കയര്‍, ഇന്ധനം നിറച്ച ടാങ്കുകള്‍,ഏണി തുടങ്ങിയവ കമാന്‍ഡോകള്‍ കണ്ടു കെട്ടിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസംഘം പരാജയപ്പെടുത്ത മൂന്നാമത്തെ കൊള്ളശ്രമമാണ് ഇത്. കപ്പല്‍ റാഞ്ചാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഉള്‍ക്കടലില്‍ നാവിക സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.