വാഷിംഗ്ടണ്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പണവും മറ്റ് സാങ്കേതിക സഹായങ്ങളും നല്കിയ കേസില്‍ ഇന്ത്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. അമേരിക്കന്‍ നിയമമനുസരിച്ച് 27 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

യാഹയ ഫറൂഖ് മുഹമദ് എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി അല്‍ ക്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലകിയെ സഹായിച്ചതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ദനാ ജെ. ബൊണെറ്റ് അറിയിച്ചു.

2002-04 ല്‍ ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന മുഹമദ് 2008ല്‍ അമേരിക്കന്‍ പൗരയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

2015ല്‍ മുഹമദ് ഉള്‍പ്പെടെ നാലുപേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. മുഹമദിന്റെ സഹോദനായ ഇബ്രാഹിം മുഹമദ് അമേരിക്കന്‍ പൗരന്മാരായ ആസിഫ് അഹമദ് സലീം സുല്‍ത്താന്‍ റൂം സലീം എന്നിവര്‍ക്കാണ് ഭീകവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത്. എന്നാല്‍, തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് മറ്റ് മൂന്നുപേരുടെ വിചാരണ കോടതി നിര്‍ത്തിവച്ചിരിക്കുകയാണ്.

യുഎസ് സേനയെയും ടോലെഡോ ജഡ്ജിയെയും ആക്രമിക്കാന്‍ ഗുഢാലോചന നടത്തുകയും അമേരിക്കയുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്ത മുഹമദ് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും മൂഹമദിന്റെ ഹര്‍ജി പരിഗണിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ഡേവിഡ് സിര്‍ലേജ അഭിപ്രായപ്പെട്ടു.

ജഡ്ജിയ വധിക്കാന്‍ പദ്ധതിയിടുകയല്ല നിയമനടപടിയില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമെന്നും, അമേരിക്കന്‍ ഫെഡറല്‍ സംവിധാനം അനുസരിച്ച് മുഹമദ് കൊടുംകുറ്റവാളിയാണെന്നും സ്പെഷല്‍ ഏജന്റ് ഇന്‍ ചാര്‍ജ് അറിയിച്ചു.

ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സേനയ്ക്കതെതിരെ പോരാടുന്നതിനുള്ള സാമ്പത്തികമുള്‍പ്പെടെയുള്ള സാഹയങ്ങള്‍ നല്കുന്നതിന് മുഹമദ് മറ്റ് പ്രതികളും യെമനില്‍ പോയിരുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ഇവര്‍ സാഹയം നല്കിയ അല്‍ ഔലകി അല്‍ ക്വയ്ദയുടെ പ്രധാന നേതാവാണെന്നാണ് അമേരിക്കന്‍ കോടതി രേഖകള്‍ പറയുന്നത്. കൂടാതെ, 2009 ജൂലായില്‍ മുഹമദ് ഉള്‍പ്പെടെ മൂന്ന് പേര്‍ യെമനില്‍ എത്തി ഔലകിയെ സന്ദര്‍ശിക്കുകയും 22,000 യുഎസ് ഡോളര്‍ നല്കുകയും ചെയ്തിരുന്നതായും കോടതി രേഖകളില്‍ പറയുന്നു.