വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനം | Photo - Mathrubhumi archives
ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അക്രമം നടത്തിയതിന് പിന്നാലെ ന്യൂഡല്‍ഹിയിലുള്ള ബ്രിട്ടന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലെ ദേശീയപതാക താഴ്ത്താനുള്ള ശ്രമം നടത്തിന് പിന്നാലെയാണിത്. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് മതിയായ സുരക്ഷ ഒരുക്കാത്തതില്‍ ഇന്ത്യകേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം തുടങ്ങിയത്. അക്രമികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് കെട്ടിടത്തില്‍ കടന്നുകയറി ദേശീയപതാക താഴ്ത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അക്രമികളെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
അക്രമികള്‍ക്ക് കെട്ടിടത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം യു.കെ സര്‍ക്കാരിനാണുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ നടപടി ഒരുകാരണവശാലും സ്വീകാര്യമല്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റുചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്കതമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഖലിസ്ഥാന്‍ അനുകൂലികളുടെ നടപടിയെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അപലപിച്ചിട്ടുണ്ട്.
Content Highlights: Indian High Commission in UK, Khalistan Amritpal Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..