
-
ക്വലാലംപൂര്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍. ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കിയതിനാല്‍ 30ഓളം മലയാളികളടക്കം നാനൂറോളം ഇന്ത്യക്കാരാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. മാര്‍ച്ച് 16 മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ സംഘം ആവശ്യത്തിന് ഭക്ഷണംപോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ രക്ഷിക്കണമെന്ന് പിന്നാലെ നടന്ന് കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന സംഘത്തിലെ മലയാളിയായ ബേബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് 18ന് എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മാര്‍ച്ച് 20ന് ഇന്ത്യയിലേക്ക് മടങ്ങാമെന്ന കാര്യം മാത്രമാണ് അവര്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് എംബസിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഒരു വിവരവുമില്ല. ഉദ്യോഗസ്ഥരെ പല തവണ വിളിച്ചിട്ടും യാതൊരു പ്രതികരണമില്ലെന്നും ബേബി വ്യക്തമാക്കി.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശം വിമാനത്താവള അധികൃതര്‍ ഇന്ത്യന്‍ സംഘത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരിച്ചു പോകാന്‍ ഞങ്ങള്‍ക്കൊരു ഇടമില്ല. കരാര്‍ ജോലി അവസാനിപ്പിച്ചവരും സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും മലേഷ്യയിലെത്തിയവരാണ് ഭൂരിഭാഗം പേരും. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശികള്‍ക്കല്ലാതെ ഹോട്ടലുകളില്‍ മുറി ലഭിക്കാത്ത സാഹചര്യമാണ്. ശനിയാഴ്ച വൈകുന്നേരം മുതല്‍ മലേഷ്യയില്‍ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്താക്കിയാല്‍ ഇനി എന്തുചെയ്യുമെന്ന് നിശ്ചയമില്ല. വലിയ പ്രതിസന്ധിയിലാണ് ഞങ്ങള്‍. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മലയാളി സംഘം പറയുന്നു.
ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടിയപ്പോള്പോലും ഇന്ത്യന്‍ എംബസിയോ അധികൃതരോ സഹായിച്ചില്ല. ഒരു തമിഴ് സംഘടനയാണ് വിമാനത്താവളത്തിലെത്തി ചെറിയ സാഹയങ്ങള്‍ നല്‍കിയത്. കാത്തിരിപ്പ് നീളുന്നതിലെ ചില ശരീരിക ബുദ്ധിമുട്ടുകള്‍ ചിലക്കുണ്ട്. മറ്റ് അസുഖങ്ങളൊന്നും ആര്‍ക്കുമില്ല. തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്ക്കും മെഡിക്കല്‍ ചെക്കപ്പ് നല്‍കുന്നുണ്ടെന്നും ബേബി വ്യക്തമാക്കി.
ഡീന്‍ കുര്യാക്കോസ് എംപി നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ അദ്ദേഹം ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പിഎ പ്രശ്നം പരിഹരിക്കുമെന്ന് നാട്ടിലുള്ളവര്‍ വിളിച്ചറിയിച്ചു. സംസ്ഥാനത്തെ മറ്റ് നേതാക്കളും സഹായം വാഗ്ദനം ചെയ്തു. എല്ലാവരും ശ്രമം നടത്തുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മലേഷ്യയിലെ അപകടകരമായ സാഹചര്യത്തില്‍ ഇവിടെകിടന്ന് ഞങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇന്ത്യന്‍ സര്‍ക്കാറിനാണെന്നും ഇവര്‍ പറയുന്നു.
ഞായറാഴ്ചയോടെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യ എംബസി കാര്യക്ഷമമായി ഇടപെട്ട് എല്ലാവരെയും ഇന്ത്യയിലെത്തിക്കണമെന്നും മലയാളി സംഘം അഭ്യര്‍ഥിക്കുന്നു.
content highlights; Indian embassy officers not helping says indians who trapped in kula lmupur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..