ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനുള്ള ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കി. ചൈനയിലെ ഇന്ത്യന്‍ എംബസിയുടേതാണ് തീരുമാനം. ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന മറ്റ് വിദേശരാജ്യക്കാര്‍ക്കും ഇത് ബാധകമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 

നേരത്തെ ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസകള്‍ക്ക് ഇന്നുമുതല്‍ സാധുതയില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ നേരത്തെ വിസ ലഭിച്ചവര്‍ക്ക് ഇതുപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ല. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകേണ്ടവര്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. 

ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിക്ക് പുറമേ, ഗ്വാങ്ഷു, ഷാങ്ഹായി എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ഇവര്‍ക്ക് ബന്ധപ്പെടാം. ഇവിടങ്ങളിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളിലും സേവനം ലഭിക്കും. 

കൊറോണ വൈസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ എംബസി ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കിയത്. പതിനായിരത്തിലേറെ പേര്‍ക്കാണ് ഇതിനോടകം ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

Content Highlights: indian embassy in china suspends e-visas from china