വാഷിങ്ടണ്‍: രാജ്യത്തിന്റെ ഉത്തരവാദിത്വമിപ്പോള്‍ ഇന്ത്യന്‍ വംശജരുടെ കൈകളിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നാസയുടെ പര്യവേക്ഷണവാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വാഗ്രഹത്തില്‍ വിജയകരമായി ഇറങ്ങിയതില്‍ ബഹിരാകാശഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ അവരുമായി നടത്തിയ വെര്‍ച്വല്‍ സംഭാഷണത്തിനിടെയാണ് ബൈഡന്‍ ഇക്കാര്യം പ്രസ്താവിച്ചത്. ഭരണനിര്‍വഹണരംഗത്ത് നിയോഗിക്കപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലെ വര്‍ധനവിനെ സൂചിപ്പിക്കുകയായിരുന്നു ബൈഡന്‍. 

ഇന്ത്യന്‍ പിന്തുടര്‍ച്ചക്കാരായ അമേരിക്കക്കാര്‍ക്കാണിപ്പോള്‍ രാജ്യത്തിന്റെ ചുമതല. നിങ്ങള്‍(നാസ ശാസ്ത്രജ്ഞ സ്വാതി മോഹന്‍), എന്റെ വൈസ് പ്രസിഡന്റ്(കമലാ ഹാരിസ്), എന്റെ പ്രഭാഷണ രചയിതാവ്(വിനയ് റെഡ്ഡി)-ബൈഡന്‍ പറഞ്ഞു. പ്രസിഡന്റിന്റെ പ്രഭാഷണങ്ങള്‍ തയ്യാറാക്കുന്നതു മുതല്‍ നാസയില്‍ വരെയായി ഭരണസിരാകേന്ദ്രങ്ങളുടെ സുപ്രധാന സ്ഥാനങ്ങളിലായി 55 ഇന്ത്യന്‍ വംശജരെയാണ് അധികാരമേറ്റ ശേഷം ബൈഡന്‍ നിയമിച്ചത്. 

തിരഞ്ഞെടുപ്പിലൂടെ ഭരണനേതൃനിരയിലേക്കെത്തിയ കമലാ ഹാരിസും വൈറ്റ് ഹൗസ് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി നാമനിര്‍ദേശം ചെയ്യപ്പെട്ട നീര ടണ്ടനുമൊഴികെ 55 പേരെയാണ് യുഎസ് പ്രസിഡന്റ് ഭരണസഹായികളായി നിയോഗിച്ചത്. ഇവരില്‍ പകുതിയിലേറെ പേര്‍ സ്ത്രീകളും ഭൂരിഭാഗം പേര്‍ വൈറ്റ് ഹൗസില്‍ തന്നെ ചുമതല നിര്‍വഹിക്കുന്നവരുമാണ്. സ്ഥാനമേറ്റ് 50 ദിവസം പൂര്‍ത്തിയാകുന്നതിനിടെ ഇന്ത്യന്‍ വംശജര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍.  

ആരോഗ്യം, ദേശീയ സുരക്ഷ, മനുഷ്യാവകാശം, നിയമം തുടങ്ങി സുപ്രധാനമേഖലകളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ബൈഡന്‍ പ്രധാന പദവികള്‍ നല്‍കിക്കഴിഞ്ഞു. വിവിധ രംഗങ്ങളിലെ ഉപദേഷ്ടാക്കളായും ഇന്ത്യന്‍ വംശജര്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. മാല അഡിഗ, ഐഷ ഷാ, സമീറ ഫസിലി, സുമോന ഗുഹ, സബ്രിന സിങ്, ശാന്തി കളത്തില്‍, ഗരിമ വര്‍മ, സോണിയ അഗര്‍വാള്‍, നേഹ ഗുപ്ത, റീമ ഷാ, താനിയ ദാസ് തുടങ്ങി ഇന്ത്യന്‍ വംശജരായ ഇരുപതിലധികം വനിതകള്‍ക്ക് ഭരണത്തില്‍ പങ്കു വഹിക്കാന്‍ ബൈഡന്‍ അവസരം നല്‍കിയിരിക്കുകയാണ്.

 

Content Highlights: Indian-Americans Taking Over US said Joe Biden