വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ വംശജ മാല അഡിഗയെ നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ജോ ബൈഡന്‍ നിയമിച്ചു. ജോ ബൈഡന്റെ മുതിര്‍ന്ന ഉപദേഷ്ടാവായും ബൈഡന്‍-കമലാ ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പില്‍ ഡെപ്യൂട്ടി അസിറ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥസംഘത്തില്‍ ഡയറക്ടറായും മാല അഡിഗ പ്രവര്‍ത്തിച്ചിട്ടുണ്ട്. അസോസിയേറ്റ് അറ്റോര്‍ണിയുടെ അഭിഭാഷകയായാണ് ഒബാമയുടെ ഭരണനിര്‍വഹണത്തില്‍ മാല അഡിഗ പങ്കാളിയായത്. 

ഇല്ലിനോയിസ് സ്വദേശിയായ മാല അഡിഗ ഗ്രിന്നല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ട സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ലോ സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടി. 2008-ല്‍ ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിന് മുമ്പ് ചിക്കാഗോയിലെ നിയമസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മാല അഡിഗ. 

മാല ഉള്‍പ്പെടെ വൈറ്റ് ഹൗസിലെ നാല് മുതിര്‍ന്ന പുതിയ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവാണ് ബൈഡന്‍ വെള്ളിയാഴ്ച പുറത്തിറക്കിയത്. അമേരിക്കന്‍ ജനതയുടെ ക്ഷേമത്തിന് പുതിയ അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു. പുതിയ അംഗങ്ങളുടെ ഭരണനൈപുണ്യവും പ്രവൃത്തിപരിചയവും അമേരിക്കയുടെ പുനര്‍നിര്‍മാണത്തിന് സഹായകമാവുമെന്നും നിയുക്ത പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: Indian-American Mala Adiga Appointed As Jill Biden's Policy Director