യുഎന്‍: ഇന്ത്യക്ക് ഈ വര്‍ഷവും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കില്ല. സുരക്ഷാകൗണ്‍സിലില്‍ ഇപ്പോള്‍ സ്ഥിരാംഗത്വമുളള മിക്ക രാജ്യങ്ങളും ഇന്ത്യക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെങ്കിലും ജനറല്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് സ്ഥിരാംഗത്വം നിഷേധിക്കുകയായിരുന്നു. 

യുഎന്നില്‍ അംഗത്വമുളള രാജ്യങ്ങള്‍ തമ്മില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ തുടര്‍ചര്‍ച്ച അടുത്ത വര്‍ഷത്തിലേക്ക് മാറ്റിവെച്ചു. യുഎന്നിന്റെ 70-ാം വാര്‍ഷികദിനത്തിലും ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കാത്തത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഇന്ത്യ പ്രതികരിച്ചു

193 രാജ്യങ്ങള്‍ അംഗങ്ങളുള്ള യുഎന്നില്‍ 15 അംഗങ്ങളാണ് സുരക്ഷാ കൗണ്‍സിലിലുളളത്. 10 താല്‍ക്കാലിക അംഗങ്ങളും അഞ്ച് സ്ഥിരാംഗങ്ങളും.

ഇവയ്‌ക്കൊപ്പം ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളുടെ സ്ഥിരാംഗത്വമാണ് ഇപ്പോള്‍ യുഎന്നിന്റെ പരിഗണനയിലുളളത്. ജി-4 രാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍, ജര്‍മ്മനി എന്നിവരാണ് സ്ഥിരാംഗത്വത്തിനായി പരിഗണനയിലുള്ളത്.