മോസ്കോ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീർ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താൻ പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവൽ ഇറങ്ങിപ്പോയത്.
യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ പാകിസ്താനെ അനുവദിച്ചതിൽ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടർന്ന് വിഷയത്തിൽ പാകിസ്താന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാകിസ്താന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ ജമ്മു കശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടം പാകിസ്താൻ പുറത്തിറക്കിയിരുന്നു.
Content Highlights:India Walks Out of SCO Meet of NSAs after Pakistan Uses 'Fictitious Map' Showing Kashmiri Territory