വാഷിങ്ടണ്‍: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 

2012 മുതല്‍ 2016 വരെ നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നുവെന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ബെര്‍ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആഗോള സമ്പദ്വ്യവസ്ഥ വളരെവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് നോട്ട് നിരോധനവും ജിഎസ്ടിയും തുടര്‍ച്ചയായി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആഘാതമേല്‍പ്പിച്ചത്. 2017ല്‍ ആഗോള സമ്പദ്വ്യവസ്ഥ കൂടുതല്‍ വളര്‍ന്നപ്പോള്‍ ഇന്ത്യ കൂടുതല്‍ താഴേക്ക് പോകുകയും ചെയ്തു. തളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് മാറുമ്പോഴേക്കും കുതിച്ചുയരുന്ന എണ്ണവില മറ്റൊരു പ്രശ്നമായി വന്നിരിക്കുകയാണ്. ആവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഓരോവര്‍ഷവും ചെലവഴിക്കുന്നത് ഭീമമായ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.