ബിലാവൽ ഭൂട്ടോ സർദാരി| Photo: AFP
യുണൈറ്റഡ് നേഷന്‍സ്: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താന് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന വിമര്‍ശനവുമായി ഇന്ത്യ. പാകിസ്താന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ആയിരുന്നു യു.എന്നിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന് കൗണ്‍സിലര്‍ രാജേഷ് പരിഹറിന്റെ വിമർശനം.
ഏതു വേദിയും എല്ലാ വിഷയവും ഇന്ത്യക്കെതിരേ കപടവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം നടത്താന്‍ ലക്ഷ്യംവെക്കുന്ന 'പാവ്ലോവിയന്‍ പ്രതികരണ'മാണ് ബിലാവല്‍ ഭൂട്ടോ സര്ദാരിയുടേതെന്ന് രാജേഷ് പരിഹര്‍ പറഞ്ഞു. റഷ്യന്‍ ശരീരശാസ്ത്രജ്ഞനായ ഇവാന് പാവ്ലോവിന്റെ 'തിയറി ഓഫ് കണ്ടീഷനിങ്ങി'നെ സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു രാജേഷിന്റെ പാവ്ലോവിയന്‍ പ്രതികരണമെന്ന പരാമര്‍ശം.
Also Read
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭക്തവും അന്യാധീനപ്പെടുത്താനാകാത്തതുമായ ഭാഗങ്ങളാണ്. അത് എല്ലായ്പ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പാകിസ്താന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെയാണിത്. എത്രവലിയ വാക്പാടവം കൊണ്ടോ പ്രചാരണം കൊണ്ടോ ഈ വസ്തുത ഒരു രാജ്യത്തിനും നിഷേധിക്കാനാവില്ല, രാജേഷ് പരിഹാര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന് ചെയ്യാന്‍ കഴിയുന്ന ഏക സംഭാവന ഭീകരവാദത്തിന് നല്കുന്ന സര്‍ക്കാര്‍ പിന്തുണ അവസാനിപ്പിക്കുക എന്നതാണന്നും അദ്ദേഹം പറഞ്ഞു.
'മെയിന്റനന്‍സ് ഓഫ് ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി-കോണ്‍ഫ്ളിക്ട് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി' എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയാണ് ജമ്മു കശ്മീര്‍, 370-ാം അനുച്ഛേദം റദ്ദാക്കല്‍, ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ഉത്തരവ് തുടങ്ങിയ വിഷയങ്ങള്‍ ബിലാവല്‍ ഉന്നയിച്ചത്. യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന യു.എസ്. ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. ബിലാവലിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ റൈറ്റ് ടു റിപ്ലെ അവകാശം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ പ്രതിനിധി മറുപടി നല്‍കിയത്.
ബിലാവലിന്റെ യു.എസിലെ പ്രഥമസന്ദര്ശനമാണിത്. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹം കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..