റിഷി സുനാക് | Photo: AP
ലണ്ടന്‍: രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ വന്‍പിന്തുണ ഇന്ത്യന്‍വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനാക്കിന്. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതാണുള്ളത്.
ഒന്നാം റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുതിയതായി നിയമിതമായ ചാന്‍സലര്‍ നദിം സവാഹിയും മുന്‍ കാബിനറ്റ് മന്ത്രി ജെറേസി ഹണ്ടും പുറത്തായിട്ടുണ്ട്. 30 എംപിമാരുടെ പിന്തുണ പോലും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇവര്‍ പുറത്തായിരിക്കുന്നത്. അതിനിടെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് 50 വോട്ടുകള്‍ നേടി.
വോട്ടെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മത്സരം മൂന്ന് പേരിലേക്ക് എത്തിയിരിക്കുകയാണ്. ജൂനിയര്‍ വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗന്റ് 67 വോട്ടുമായി രണ്ടാമതും വിദേശകാര്യമന്ത്രി ലിസ് ട്രൂസ് 50 വോട്ടുമായി മൂന്നാമതായുമാണുള്ളത്. മറ്റൊരു ഇന്ത്യന്വംശജന് അറ്റോര്‍ണി ജനറല്‍ സ്വില്ല ബ്രാവര്മാന് 32 വോട്ടുകള്‍ നേടി പട്ടികയില്‍ അവസാനം ഇടംപിടിച്ചു.
ജൂലായ് 21-ന് ആരൊക്കെയാണ് അവസാനറൗണ്ടിലെത്തിയ രണ്ടുപേരെന്ന് വ്യക്തമാകും. ഇതിന്റെ ഫലം സെപ്റ്റംബര്‍ അഞ്ചിനാണ് പുറത്തുവരിക.
ചരിത്രത്തിലാദ്യമായാണ് ഒരേസമയം രണ്ട് ഇന്ത്യന്‍ വംശജര്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുന്നത്. 1960-ല്‍ ടാന്‍സാനിയയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിതാണ് ഋഷി സുനാക്കിന്റെ കുടുംബം. 1980 മേയ് 12-ന് ഹാംഷെയറിലെ സതാംപ്ടണില്‍ യശ്വീറിന്റെയും ഉഷയുടെയും മകനായാണ് ജനനം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ അമ്പതിനായിരം പേരാണ് കണ്ടത്. അമ്മ ഉഷ ഫാര്‍മസിസ്റ്റും അച്ഛന് യശ്വീര് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്നു.
സ്വില്ല ബ്രയ്വര്മാന്റെ അമ്മ മൗറിഷ്യസുകാരിയും അച്ഛന് ഗോവന്‍ സ്വദേശിയുമാണ്. ഇവര്‍ കെനിയയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്. തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചാണ് സ്വില്ല പ്രചാരണ വീഡിയോ തയ്യാറാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..