ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി റഷ്യ വിളിച്ചു ചേര്‍ക്കുന്ന നിര്‍ണായക യോഗത്തിന് ഇന്ത്യക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന്‍, ചൈന, യു.എസ്. എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

ഓഗസ്റ്റ് 11-ന് ഖത്തറില്‍വെച്ചാണ് യോഗമെന്നാണ് വിവരം. നേരത്തെ മാര്‍ച്ച് 18-നും ഏപ്രില്‍ 30-നും സമാനസ്വഭാവത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമായതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് റഷ്യയുടെ ഇടപെടല്‍. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും തല്‍പര രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. 

അതേസമയം അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് കഴിഞ്ഞമാസം റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവായിരുന്നു താഷ്‌ക്കെന്റില്‍വെച്ച് ഇക്കാര്യം പറഞ്ഞത്. ഇതോടെ, വരാനിരിക്കുന്ന യോഗത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. അതേസമയം യോഗത്തില്‍നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അഫ്ഗാന്‍ വിഷയത്തിലെ പല കാര്യങ്ങളിലും അമേരിക്കയുമായി റഷ്യക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നിരുന്നാലും അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാനും 
താലിബാന്‍ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്താനും ഒരുമിച്ച് നില്‍ക്കാനാണ് തീരുമാനം.

content highlights: india not invited to meeting on afghan issue convened by russia