എസ്. ജയശങ്കർ വിശുദ്ധ ക്വീൻ കെറ്റെവന്റെ ഭൗതികാവശിഷ്ടം ജോർജിയയ്ക്ക് കൈമാറുന്നു | Photo : Twitter | @DrSJaishankar
തിബിലിസി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ജോര്‍ജിയയിലെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ജോർജിയ ഏറെ വിലമതിക്കുന്ന ഒരു സമ്മാനവും കരുതിയിരുന്നു. ജോര്‍ജിയൻ ജനത ഏറെ ആഗ്രഹിച്ച, അവരുടെ ചരിത്രവുമായും ആത്മീയതയുമായും ഏറെ ബന്ധമുള്ള അവരെ സംബന്ധിച്ച് വളരെ മൂല്യമേറിയ ഒരു സമ്മാനമായിരുന്നു അത്. 1 7ാം നൂറ്റാണ്ടിൽ ജോർജിയ ഭരിച്ചിരുന്ന ക്വീൻ കെറ്റവന്റെ ഭൗതികാവശിഷ്ടങ്ങളായിരുന്നു അത്. തന്നെ സ്വീകരിക്കാനെത്തിയ ജോര്‍ജിയന്‍ വിദേശകാര്യമന്ത്രി ഡി സല്‍ക്കലിയാനിക്കാണ് ഗോവയിലെ സെന്റ് അഗസ്റ്റിന് കോണ്‍വെന്റില്‍ നിന്ന് 2005 ല്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടം ജയശങ്കര്‍ കൈമാറിയത്.
17-ാം നൂറ്റാണ്ടിലെ ജോര്‍ജിയന്‍ രാജ്ഞിയായിരുന്ന കെറ്റെവന്‍ പിന്നീട് പേര്‍ഷ്യയിൽ തടവുകാരിയാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. തടവില്‍ കഴിയുന്നതിനിടെ മതപരിവര്‍ത്തനത്തിനോ ഭരണാധികാരിയുടെ വിവാഹാഭ്യര്‍ഥനക്കോ കെറ്റെവന്‍ വഴങ്ങിയിരുന്നില്ല. ആത്മീയതയില്‍ അടിയുറച്ചു നിന്ന കെറ്റെവനെ പരസ്യമായാണ് കൊല ചെയ്തത്.
രക്തസാക്ഷിയായിത്തീര്‍ന്ന കെറ്റെവനെ ജോർജിയൻ ഓർത്തഡോക്സ് സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് വിശുദ്ധയുടെ ഭൗതികാവശിഷ്ടം 1627-ല്‍ ഗോവയില്‍ എത്തിച്ചതായി മനസിലാക്കിയത്. ഗോവയിലെ സെന്റ് അഗസ്റ്റിന് കോണ്‍വെന്റില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടങ്ങൾ വിശുദ്ധയുടേതാണെന്ന് തീർച്ചപ്പെടുത്തിയത് 2005 ലെ ഡിഎന്‍എ പരിശോധനയിലൂടെയാണ്. 2017 ല്‍ ജോര്‍ജിയയുടെ ആവശ്യപ്രകാരം ആറ് മാസത്തെ പ്രദര്‍ശനത്തിനായി ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ആറ് മാസം കൂടി ജോര്‍ജിയയില്‍ സൂക്ഷിച്ച ശേഷം 2018 സെപ്റ്റംബര്‍ 28 ന് ഇന്ത്യയില്‍ തിരികെയെത്തിച്ചു. ഒരു കൊല്ലത്തിനിടെ ജോര്‍ജിയയിലെ വിവിധ ക്രിസ്തീയ ആരാധനാലയങ്ങളില്‍ ഭൗതികാവശിഷ്ടം പ്രദര്‍ശിപ്പിച്ചിരുന്നു.
ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് തിരുശേഷിപ്പുകള്‍ കൈമാറാന്‍ സാധിച്ചതില്‍ താന്‍ ധന്യനായെന്നും വികാരനിര്‍ഭരമായ സന്ദര്‍ഭമായിരുന്നുവെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ക്വീന്‍ കെറ്റെവന്റെ ഭൗതികാവശിഷ്ടവുമായി ആദ്യ ജോര്‍ജിയന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിനെ സ്വാഗതം ചെയ്യാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഇന്ത്യയും ജോര്‍ജിയയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുമെന്നും സല്‍ക്കലിയാനി ട്വിറ്ററില്‍ കുറിച്ചു.
പാത്രിയാര്‍ക്കിസ് ഇലിയ രണ്ടാമന്റേയും ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ക്ലി ഗാരിബാഷ്വിലിയുടേയും സാന്നിധ്യത്തിലായിരുന്നു സെന്റ് ക്വീന്‍ കെറ്റെവന്റെ ഭൗതികാവശിഷ്ടം കൈമാറിയത്.
ജോര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തര അഭ്യര്‍ഥന മാനിച്ചും ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് ചരിത്രപരമായും മതപരമായും ആത്മീയപരമായും സെന്റ് ക്വീന്‍ കെറ്റെവനോടുള്ള ബന്ധം കണക്കിലെടുത്തും ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറാന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയും ജോര്‍ജിയയും തമ്മിലുള്ള സൗഹൃദവും പരസ്പരസഹകരണവും ഇതിലൂടെ കൂടുതല്‍ ദൃഢമാകുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: India gifts relics of 17th century Georgian Queen Ketevan to Georgia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..