ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തത്കാലിക അംഗത്വമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ അഞ്ചു സ്ഥിരം അംഗങ്ങളും പത്തു താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് രക്ഷാസമിതി. 

രണ്ടുവര്‍ഷമാണ് തത്കാലിക അംഗങ്ങളുടെ കാലാവധി. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയില്‍ അംഗമാകുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ അംഗത്വം ഉറപ്പാക്കിയത്. 2021 ജനുവരി മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് ഇന്ത്യയുടെ കാലാവധി.

1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 എന്നീ വര്‍ഷങ്ങളിലാണ് മുമ്പ് ഇന്ത്യയെ യുഎന്‍ രക്ഷാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

Content Highlights: India Elected Unopposed To Non-Permanent Seat Of UN Security Council