ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യയിലേക്ക് പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്താന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്. വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങൾക്കുള്ള വ്യോമപാത അനുമതി വീണ്ടും പാകിസ്താന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നും സര്‍ക്കാർ പ്രതിനിധി ഫറഞ്ഞു.
യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ ഞായറാഴ്ച കരിദിനം ആചരിച്ചിരുന്നു.
അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുമായാണ് മോദിയുടെ സൗദി യാത്ര.
സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യു.എസിലേക്ക് പോകാനും പാകിസ്താന്‍ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ത്തന്നെ ഐസ്ലന്‍ഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ഫെബ്രുവരിയില്‍ പാകിസ്താന്‍ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാര്‍ച്ച് 27-ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ജൂലായ് 16-നാണ് ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതിനല്‍കിയത്.
content highlights: India drags Pakistan to global civil aviation body in airspace denial issue