ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയില്‍ പാകിസ്താനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേലയ്ക്കായി ഐക്യരാഷ്ട്ര സഭയുടെ വേദികള്‍ പാകിസ്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം മിഷനിലെ കൗണ്‍സിലറാണ് ഡോ. കാജല്‍. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതില്‍ പാകിസ്താനെ വിമര്‍ശിച്ച കാജല്‍, പാക് അധിനിവേശ കശ്മീരില്‍നിന്ന് പാകിസ്താന്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

മുന്‍പും ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്തതുമായ ഭാഗങ്ങളാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരും ലഡാക്കും. പാകിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണിത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളില്‍നിന്ന് അടിയന്തരമായി ഒഴിയണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെടുകയാണ്, ഡോ. കാജല്‍ പറഞ്ഞു. 

ഇന്ത്യക്കെതിരെ തെറ്റായ പ്രചരണം നടത്താന്‍ ഇതാദ്യമായല്ല പാകിസ്താന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയുടെ വേദികള്‍ ഉപയോഗിക്കുന്നതെന്നും ഡോ. കാജല്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ ദുരവസ്ഥയില്‍നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നിഷ്ഫല ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഭീകരര്‍ക്ക് അഭയവും പിന്തുണയും സഹായവും നല്‍കുന്നതിലുള്ള പാകിസ്താന്റെ ചരിത്രം യു.എന്‍. അംഗരാജ്യങ്ങള്‍ക്ക് അറിവുള്ളതാണെന്നും ഡോ. കാജല്‍ കൂട്ടിച്ചേർത്തു.

content highlights: india criticises pakistan