ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ചൈന. ഇന്ത്യയുമായി അടുത്തഘട്ടത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ചൈന അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ ഞായറാഴ്ച ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിന് ഇരുവിഭാഗവും തീരുമാനിച്ചത്. 

'അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു വിഭാഗങ്ങളും സൈനിക-നയതന്ത്ര ചാനലുകളിലൂടെ ചര്‍ച്ചകള്‍ തുടരും.' ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. എന്നാല്‍ സെനികരുടെ പിന്‍മാറ്റത്തിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സ്വീകരിച്ചിരിക്കുന്ന വിശദാംശങ്ങളോ പ്രോട്ടോക്കോളുകളോ വക്താവ് പങ്കുവെച്ചില്ല.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കുന്നതിനും സമവായത്തിലെത്തിയ കാര്യങ്ങള്‍ നടപ്പാക്കുന്നതിനും ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

പ്രത്യേക പ്രതിനിധി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ സേനാവിന്യാസം കുറയ്ക്കണമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. എല്‍.എ.സി. പാലിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന നിലപാട് ഇരുപക്ഷവും ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സമാധാനത്തിനും സ്വസ്ഥതയ്ക്കും തടസ്സമുണ്ടാക്കുന്ന മട്ടില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു

Content Highlights:India- China border situation improving says China