ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഷാഗോസ് ആര്‍ക്കിപെലാഗോ ദ്വീപ് സമൂഹത്തിന്റെ അധികാരം മൗറീഷ്യസിനാണെന്ന അവകാശ വാദത്തിന് പിന്തുണയുമായി ഇന്ത്യ. അന്താരാഷ്ട്ര നീതിന്യായകോടതിയിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. നിലവില്‍ ബ്രിട്ടന്റെ കൈവശത്തിലാണ് ഷാഗോസ്. ദ്വീപ് സമൂഹത്തിലെ ചെറുദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കന്‍ സൈനികത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.
ഷാഗോസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി അന്താരാഷ്ട്ര നീതിന്യായകോടതിയോട് നിയമാഭിപ്രായം തേടിയിരുന്നു. തുടര്‍ന്ന് നിയമാതീത ഉപദേശത്തിനായി അന്താരാഷ്ട്ര നീതിന്യായകോടതി 22 രാജ്യങ്ങളുടെ അഭിപ്രായം തേടി. അമേരിക്ക ഉള്‍പ്പെടെ മൂന്നു രാജ്യങ്ങള്‍ ബ്രിട്ടനെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെ 17 രാജ്യങ്ങളുടെ പിന്തുണ മൗറീഷ്യസിന് ലഭിച്ചു.
2016 ല്‍ അമേരിക്കയുമായി ഒപ്പുവെച്ച കരാറനുസരിച്ച് ഇന്ത്യക്ക് ഡീഗോ ഗാര്‍ഷ്യയില്‍ ചില അധികാരങ്ങള്‍ ലഭിച്ചിരുന്നു. അതു കൊണ്ടു തന്നെ ഷാഗോസിന്റെ അധികാരത്തര്‍ക്കത്തില്‍ ഇന്ത്യയുടെ അഭിപ്രായം പ്രത്യേക പരിഗണന നേടി. 2015 മാര്‍ച്ചില്‍ മൗറീഷ്യസും ബ്രിട്ടനും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം ഷാഗോസിന്റെ ജലവിഭവങ്ങളില്‍ മൗറീഷ്യസിനും അവകാശം നല്‍കാന്‍ തീരുമാനമായി. ദ്വീപിലെ ധാതു-എണ്ണ സ്രോതസുകളിലെ അവകാശത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
1968 ല്‍ ഷാഗോസില്‍ ബ്രിട്ടന്റെ അധികാര സ്ഥാപനത്തെ തുടര്‍ന്ന് നിരവധിപേര്‍ ദ്വീപുപേക്ഷിച്ചു പോയിരുന്നു. ദ്വീപുവാസികള്‍ ബ്രിട്ടനെതിരെ കേസുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഷാഗോസിന്റെ അധികാരം മൗറീഷ്യസിനു തന്നെ തിരികെ നല്‍കണമെന്നാണ് ഇന്ത്യയുള്‍പ്പെടെ പ്രമുഖ രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്നത്.