കാബൂൾ വിമാനത്താവളത്തിനു പുറത്ത് കൂട്ടംകൂടി നിൽക്കുന്ന അഫ്ഗാൻ പൗരന്മാർ | Photo: A.P.
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക.
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത് രണ്ടുദിവസത്തിനുശേഷമാണ് ഇന്ത്യയുടെ ഇ-വിസ പ്രഖ്യാപനം.
അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്തു വരികയാണ്. ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തില്‍പ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുക-വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂര്‍ത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി. അഫ്ഗാന്‍ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കും. എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാം-ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താലിബാനില്‍നിന്നും രക്ഷനേടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ ഒട്ടേറെപ്പേര്‍ സൈനിക വിമാനങ്ങളുടെ ചിറകില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിമാനം പറന്നുയര്‍ന്നപ്പോള്‍ താഴേക്ക് പതിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.
Content Highlights: india announces emergency e visa for afghans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..