
-
ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന മലേറിയ മരുന്ന് മലേഷ്യയ്ക്ക് നൽകാമെന്ന് ഇന്ത്യ. മരുന്ന് നൽകണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യൻ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീൻ ജാഫർ റോയിട്ടേഴ്സിനോട് പറഞ്ഞു. മലേഷ്യയ്ക്ക് 89,100 ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകള്‍ നൽകാനാണ് കേന്ദ്രസർക്കാർ അനുവാദം നൽകിയിരിക്കുന്നത്.
ഏപ്രിൽ 14-നാണ് ഇക്കാര്യത്തിൽ അനുവാദം നൽകിയതെന്നാണ് കമറുദ്ദീൻ ജാഫർ പറയുന്നത്. ലഭ്യത കണക്കാക്കി ഇന്ത്യയിൽനിന്ന് കൂടുതൽ ടാബ്ലറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മലേഷ്യൻ മന്ത്രിയുടെ പരാമർശത്തിന് ഇന്ത്യൻ അധികൃതർ മറുപടി നൽകിയിട്ടില്ല.
ദക്ഷിണേഷ്യയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 82 പേർ ഇതുവരെ മരിച്ചു. മലേഷ്യയുമായി നിലവിലുള്ള നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഒഴിവായി മഞ്ഞുരുകുന്നുവെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ കാണുന്നത്. 10 ലക്ഷം ടാബ്ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങൾ.
ലോകത്ത് ഏറ്റവുമധികം ഹൈഡ്രോക്സിക്ലോറോക്വിന്‍ ടാബ്ലറ്റുകൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ടെവ ഫാർമസ്യൂട്ടിക്കൽസ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെൽത്ത്കെയർ എന്നീ കമ്പനികളാണ് പ്രധാനമായും മരുന്ന് ഉത്പാദിപ്പിക്കുന്നത്. ആഗോള തലത്തിൽ ആവശ്യകത ഉയർന്നതിനെ തുടർന്ന് കമ്പനികൾ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്.
Content Highlights:India Agrees to Sell Hydroxychloroquine to Malaysia to Help Fight COVID 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..