ബാങ്കോക്ക്: എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ മക്കള്‍ ഇപ്പോള്‍ സുരക്ഷിതരാണ്, നിങ്ങളുടെ മക്കളെ ഞാന്‍ നന്നായി നോക്കും, നിങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്ക് നന്ദി. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന ഫുട്‌ബോള്‍ കോച്ച് തുവാം ഗുവാങ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുങ്ങല്‍ വിദഗ്ധന് കൈമാറിയ കുറിപ്പിലെ വരികളാണിവ. 

വടക്കന്‍ തായ്ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കോച്ച് തുവാം രക്ഷാപ്രവര്‍ത്തകരുടെ കൈവശം നല്‍കിയ കുറിപ്പ് അവര്‍ ഫെയ്‌സ് ബുക്കില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. 
 
ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. 10 ദിവസത്തിനുശേഷം ബ്രിട്ടീഷ് മുങ്ങല്‍രക്ഷാവിദഗ്ധരാണ് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സംഘത്തെ സുരക്ഷിതമായി കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടന്നുവരികയാണ്. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും ഓക്‌സിജനും മരുന്നും എത്തിച്ച് നല്‍കുന്നുണ്ട്.

എന്നാല്‍, ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരുന്നത് രക്ഷകര്‍ത്താകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തടസ്സമില്ലാത്ത ശ്വാസോച്ഛ്വാസത്തിന് അന്തരീക്ഷത്തില്‍ 21 ശതമാനം ഓക്‌സിജനെങ്കിലും ഉണ്ടാവണം. എന്നാല്‍, ഗുഹയ്ക്കകത്ത് ഇപ്പോഴുള്ളത് 15 ശതമാനമാണ്. ഇതേത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പുചെയ്യാന്‍ തുടങ്ങി.

കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ഇടുങ്ങിയ വഴിയില്‍ വെള്ളവും ചെളിയും മൂടിക്കിടക്കുന്നത് ഇതിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാല്‍, ഞായറാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നതാണ്.