Photo: Facebook.com|SheldrickTrust
നെയ്‌റോബി: സീബ്രയും കഴുതയും ഇണ ചേര്‍ന്നുണ്ടായ സങ്കരയിനം 'സോങ്കി ' കുഞ്ഞിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍. കെനിയയിലെ ഷെല്‍ഡ്രിക് വന്യ ജീവി ട്രസ്റ്റ് ആണ് അപൂര്‍വമായ സോങ്കിയുടെ ചിത്രങ്ങളും അതിന്റെ പിന്നിലെ കഥയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ മെയ് മാസത്തില്‍ സാവോ ഈസ്റ്റ് ദേശീയോദ്യാനത്തിന് പാര്‍ക്കിനു പുറത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ ഒരു സീബ്ര എത്തിയത്. അലഞ്ഞു തിരിഞ്ഞെത്തിയ സീബ്ര കാലിത്തൊഴുത്തില്‍ സ്വയം താമസമാരംഭിച്ചു. സംഭവം വാര്‍ത്തയായി. ഇതിനേ തുടര്‍ന്ന് തുടര്‍ന്ന് ഇവിടെയെത്തിയ വന്യ ജീവി ട്രസ്റ്റ് അധികൃതര്‍ സീബ്രയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ചൈലു ദേശീയോദ്യാനത്തലേയ്ക്ക് സീബ്രയെ മാറ്റി പാര്‍പ്പിച്ചു. പെട്ടെന്നു തന്നെ പുതിയ പ്രദേശവുമായി സീബ്ര ഇണങ്ങിച്ചേര്‍ന്നു. വേട്ടയാടലിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മിക്കവാറും സീബ്രയെ കാണാറുമുണ്ടായിരുന്നു.
ഈ വര്‍ഷമാദ്യം ദേശീയോദ്യാനത്തിന്റെ സംരക്ഷണ വേലിയുടെ അറ്റകുറ്റ പണി നടത്തുന്നവരാണ് സീബ്രയ്‌ക്കൊപ്പം ഒരു കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ ആദ്യം കാണുമ്പോള്‍ അതിന്റെ ശരീരത്തില്‍ വരകള്‍ കുറവായിരുന്നു. നിറവും വ്യത്യാസപ്പെട്ടിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മണ്ണിന്റെ കളറായിരുന്നു കുഞ്ഞിന്റെ ശരീരത്തിന്. ചെളിയില്‍ കിടന്നതാകാം ശരീരത്തിന് ഈ നിറമാകാന്‍ കാരണമെന്നാണ് കണ്ടവര്‍ ആദ്യം കരുതിയത്.
പിന്നീട് നടത്തിയ വിശദമായ പരിശോധനയാണ് കുഞ്ഞ് സങ്കരയിനമായ സോങ്കിയാണെന്ന് തിരിച്ചറിഞ്ഞത്. കഴുതയും സീബ്രയും തമ്മില്‍ ഇണചേരുമ്പോഴാണ് സോങ്കി കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് ട്രസ്റ്റ് വിശദീകരിച്ചു. സോങ്കി കുഞ്ഞ് ജനിക്കുന്നത് അപൂര്‍വമാണ്. പുതിയ സ്ഥലത്തേക്ക് കൊണ്ട് വരുന്നതിന് മുന്‍പ് ഏതെങ്കിലും കഴുതയുമായി ഇണചേര്‍ന്നതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സോങ്കി കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഷെല്‍ഡ്രിക് വന്യ ജീവി ട്രസ്റ്റ് വ്യക്തമാക്കിയത്. സോങ്കിക്ക് സാധാരണ ജീവിതം നയിക്കാനും സാധിക്കും. പക്ഷേ പ്രായപൂര്‍ത്തിയെത്തിയാല്‍ പ്രത്യുല്‍പ്പാദന ക്ഷമത ഉണ്ടായിരിക്കില്ല. എന്തായാലും ഷെല്‍ഡ്രിക് വന്യ ജീവി ട്രസ്റ്റ് പങ്കുവെച്ച സോങ്കിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
Content Highlights: In Kenya, Zebra Mates With Donkey, Gives Birth To "Highly Unusual" Zonkey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..