ബാള്‍ട്ടിമോര്‍: വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. 57കാരനായ ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വച്ചുപിടിപ്പിച്ചത്. മൂന്ന് ദിവസം മുന്‍പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. ഈ ശസ്ത്രക്രിയ വിജയകരമായാല്‍ ലോകമെമ്പാടുമുള്ള അവയവമാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായകമായ മാറ്റമായിരിക്കും സംഭവിക്കുക.

ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലരു നേട്ടം ആദ്യമാണ്.

57 വയസ്സുകാരനായ ഡേവിഡ് ബെന്നെറ്റാണ് ശസ്ത്രിക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം മനുഷ്യശരീരത്തില്‍ ഉടന്‍ തിരസ്‌കരിക്കാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 

heart
ഡേവിഡ് ബെന്നെറ്റ് ശസ്ത്രക്രിയക്ക് ശേഷം| Photo: AFP

മനുഷ്യരുടെ അവയവങ്ങള്‍ ലഭിക്കുന്നതിലെ വലിയ കുറവ് കാരണം ലോകത്താകമാനം അവയവമാറ്റ ശസ്ത്രികയകള്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിനെ തുടര്‍ന്ന് മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വെച്ചുപിടിപ്പിക്കാനുള്ള ഗവേഷണങ്ങളും സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 3800 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡാണിത്. ഹൃദയം ലഭിക്കാതെ മരിച്ചുപോകുന്ന രോഗികളുടെ എണ്ണം എത്രയോ അധികമായിരുന്നു. 

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്. 1984ല്‍, ബേബി ഫേ എന്ന മരണാസന്നയായ ഒരു ശിശു ഒരു വാലില്ലാ കുരങ്ങിന്റെ ഹൃദയവുമായി 21 ദിവസം ജീവിച്ചതാണ് ഇതിന് മുന്‍പത്തെ ഏറ്റവും വലിയ നേട്ടം.

Content Highlights: In first, US surgeons transplant pig heart into human patient