ന്യൂഡല്‍ഹി: ഇതാദ്യമായി താലിബാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുക. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിലാകും ചര്‍ച്ച. 

ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും താലിബാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ,  ടി സി എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് അമര്‍ സിന്‍ഹ. പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു ടി സി എ രാഘവന്‍. 

അഫ്ഗാനിസ്താനിലെ സമാധാന സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ എല്ലാ പിന്തുണയുണ്ടാകുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.   ഇതാദ്യമായാണ് അഫ്ഗാനിസ്താനിലെ സമാധാനവുമായി ബന്ധപ്പെട്ട് താലിബാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. 

മോസ്‌കോ ഫോര്‍മാറ്റ് എന്നു പേരിട്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.

content highlights: in first time india to participate in talks with taliban at non official level