ഇസ്‌ലാമാബാദ്: യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം വിവിധ രാജ്യങ്ങള്‍ക്ക് കത്തയച്ചു. 

കശ്മീര്‍ വിഷയവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഉയിഗുര്‍ മുസ്‌ലിങ്ങളുടെ അവസ്ഥയെപ്പറ്റിയോ സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെപ്പറ്റിയോ കത്തില്‍ പരാമര്‍ശമില്ല. 

പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ച് യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ വര്‍ധിച്ചു വരികയാണെന്ന് കത്തില്‍ പറയുന്നു. ആക്രമണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും കാരണമാകുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ മുസ്‌ലിം ലോകം ഒന്നിച്ച് മുന്‍കൈ എടുക്കണം. 

ലോകത്തെ വിവിധ മത - സാമൂഹ്യ- ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ മൂല്യബോധം വ്യത്യസ്ത രീതിയിലാണെന്ന് നാം വിശദീകരിക്കണം. മുസ്‌ലിം വിഭാഗക്കാര്‍ക്കും തുല്യ ആദരവ് നല്‍കണമെന്ന ധാരണ പാശ്ചാത്യ ലോകത്ത് ഉണ്ടാകേണ്ടതുണ്ടെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. 

 

Content Highlights: Imran Khan wants Muslim states to unite against Islamophobia in Europe