
ഇമ്രാൻ ഖാൻ| Photo: AFP
ഇസ്ലാമാബാദ്: പാകിസ്താന് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന് ഖാന് വമ്പന്‍ തിരിച്ചടി. ഇമ്രാന്റെ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന് (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പി.പി.പി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്സ്വാരിയും സ്ഥിരീകരിച്ചു. പുതിയ സംഭവ വികാസങ്ങളോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്താന് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി.
342 അംഗ പാകിസ്താന് ദേശീയ അസംബ്ലിയില്‍ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടത്. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന് ഖാന് 2018-ല്‍ അധികാരത്തിലേറുന്നത്. എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
നേരത്തെ, പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന് സൂരി അറിയിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാര്‍ച്ച് 31- ആണ്.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാന് ഖാന് തിരിച്ചടിയായിരുന്നു. എന്നാല്‍, അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജിവെയ്ക്കില്ലെന്ന് ഇമ്രാന് ഖാന് അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..