ലാഹോര്‍: പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പി‌.എം‌.എൽ-എൻ) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് എം.പി അയാസ് സാദിഖിനെതിരെ നടപടിക്കൊരുങ്ങുന്നത്. 

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്താനെ ആക്രമിക്കുമായിരുന്നുവെന്ന് അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ സര്‍ക്കാരില്‍ അലകള്‍ സൃഷ്ടിച്ചിരുന്നു.

അഭിനന്ദനെ പിടികൂടിയ ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് വിട്ടുകൊടുത്തില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ നമ്മളെ അക്രമിക്കുമെന്ന് ഷാ മൊഹമ്മദ് ഖുറേഷി യോഗത്തില്‍ അറിയിച്ചു. ഇതു കേട്ട് പാക് പട്ടാള തലവന്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമാണ് അയാസ് സാദിഖ് പാര്‍ലമെന്റില്‍ സംസാരിച്ചത്. 

ഇത് വലിയ വിവാദത്തിലാവുകയും ചെയ്തു. പാക് വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് അയാസ് സാദിഖിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇന്ത്യയുടെ കൂടെ നില്‍ക്കുന്നവര്‍ അമൃത്സറിലേക്ക് പോകുന്നതാണ് നല്ലത് എന്നായിരുന്നു പാക് ആഭ്യന്തരകാര്യമന്ത്രി ഇജാസ് ഷായുടെ പ്രതികരണം. 

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അയാസ് സാദിഖിനെ വിമര്‍ശിച്ചും വഞ്ചകനെന്ന് വിശേഷിപ്പിച്ചും പരിഹസിച്ചും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയാസ് സാദിഖ് രാജ്യത്തെ അപമാനിച്ചുവെന്നും നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എതിരാളികളും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ചില്‍ അട്ടാരി വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

Content Highlights: Imran Khan govt considers registering treason case against Ayaz Sadiq