ഇസ്ലാമാബാദ്: യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത് സൗദി കിരീടാവകാശി നല്‍കിയ പ്രത്യേക വിമാനത്തില്‍. യുഎന്‍ സമ്മേളനത്തിന് പോകാനായി യാത്രാവിമാനം ഉപയോഗിക്കാനായിരുന്നു ഇമ്രാന്‍ ഖാന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അതിഥിയായി കണക്കാക്കിയാണ് സൗദി കിരീടാവകാശി ഇമ്രാന്‍ ഖാന് വേണ്ടി പ്രത്യേക വിമാനം നല്‍കിയത്.
പാക് വാര്‍ത്താ ചാനലായ ദുനിയ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കി കൊടുത്തത്.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവ് വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് വിദേശയാത്രയ്ക്ക് പ്രത്യേക വിമാനത്തിന് പകരം യാത്രാ വിമാനം ഇമ്രാന്‍ ഖാന്‍ ഉപയോഗിക്കുന്നത്. മുമ്പും അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ യാത്രാ വിമാനം ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു.
രണ്ടുദിവസത്തെ സൗദി സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടുന്നതിനായാണ് പാകിസ്താന്‍ മുഖ്യമായും ശ്രമിച്ചത്. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.
ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരമാവധി രാജ്യങ്ങളെ ഒപ്പം കൂട്ടാനാണ് പാകിസ്താന്റെ ശ്രമം. സെപ്റ്റംബര്‍ 27നാണ് പാക് പ്രധാനമന്ത്രി യു.എന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
Content Highlights: Before arriving in the US, Mr Khan was on a two-day visit to Saudi Arabia to muster support on the Kashmir issue