ഇമ്രാൻ ഖാൻ, ഷെഹ്ബാസ് ഷെരീഫ് | Photo - AFP
ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുറത്താക്കപ്പെടുന്ന പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന് ഖാന്. ശനിയാഴ്ച രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇമ്രാന് ഖാന് പ്രധാനമന്ത്രി പദം നഷ്ടമാകുന്നത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 174 പേര് ഇമ്രാന് ഖാനെതിരെ വോട്ടുചെയ്തു. ഈ സമയത്ത് അദ്ദേഹം ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇറങ്ങിപ്പോക്ക് നടത്തി.
അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിന് മുമ്പുതന്നെ അദ്ദേഹം പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പിഎംഎല്‍-എന്‍ നേതാവും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിക്കാന്‍ തിരക്കുകൂട്ടി. അദ്ദേഹം അടുത്ത പ്രധാനമന്ത്രി ആകുമെന്നാണ് സൂചനകള്‍.
പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ലെന്നാണ് പിഎംഎല്‍-എന്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍പ് നടന്ന കയ്പ്പേറിയ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. 'അവയെല്ലാം മറന്ന് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ആരോടും അനീതി കാട്ടുകയോ, പ്രതികാരം ചെയ്യുകയോ ഇല്ല. ഒരു കാരണവും ഇല്ലാതെ ആരെയും ജയിലില്‍ അടയ്ക്കില്ല. നിയമവും നീതിയും അതിന്റെ വഴിയ്ക്ക് പോകും' - ഷെഹ്ബാസ് പറഞ്ഞു. അവിശ്വാസ പ്രമേയം പാസാക്കിയ ദേശീയ അസംബ്ലിയെ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ബിലാവല്‍ ഭൂട്ടോയും അഭിനന്ദിച്ചു. അതിനിടെ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ അസംബ്ലിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
മാര്‍ച്ച് എട്ടിന് ഷെഹ്ബാസ് ഷെരീഫാണ് പാക് ദേശീയ അസംബ്ലിയില്‍ ഇമ്രാന് ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അഴിമതി, സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിദേശ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ നീക്കമെന്നാണ് ഇമ്രാന് ഖാന് ആരോപിച്ചത്. അമേരിക്കയ്ക്കെതിരെ അദ്ദേഹം വിരല്‍ചൂണ്ടുകയും ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിനാണ് അവിശ്വാസ പ്രമേയത്തിന്മേല് വോട്ടെടുപ്പ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദേശീയ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഇതിനോട് വിയോജിച്ചു. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാനും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനും ഇമ്രാന് ഖാന് പാക് പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിശ്വാസ പ്രമേയത്തിന്മേല് ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടത്താന്‍ പാക് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Content Highlights: Imran Khan's Government Falls in Pakistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..