ഇസ്‌ലാമാബാദ്: പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ടു ദിവസം നീളുന്ന പാകിസ്താന്‍ - അഫ്ഗാനിസ്ഥാന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശമുന്നയിച്ചു.

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പ്രത്യയശാസ്ത്രപരമായി ഇന്ത്യയ്ക്ക് പാകിസ്താനോട് ശത്രുതയാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

അഫ്ഗാനിസ്ഥാന്റെ വികസനത്തിലും മുന്നേറ്റത്തിലും ഇന്ത്യയ്ക്കുള്ള പങ്ക് വര്‍ധിക്കണമെന്ന് അമേരിക്ക അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളെ പാകിസ്താന്‍ ആശങ്കയോടെയാണ് കാണുന്നത്. 

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധത്തെയും അതിര്‍ത്തിയിലെ സുരക്ഷയേയും ഇന്ത്യയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കുമെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ശക്തികളെ ഉപയോഗിച്ച് ഇന്ത്യ ഇസ്‌ലാമാബാദിനെതിരായ നീക്കം നടത്തുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണവും പാകിസ്താന്‍ അടുത്തിടെ ഉന്നയിച്ചിരുന്നു. 

എന്നാല്‍ ന്യൂഡല്‍ഹി അത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്.

Content Highlights: Imran fears India may use Afghan soil to target Pak