'നൂറ്റാണ്ടിന്റെ നിര്‍മാണം' തകര്‍ത്ത് യുക്രൈന്റെ തന്ത്രപ്രധാന നീക്കം; റഷ്യയുടെ ഭയത്തിനു പിന്നിലെന്ത്?


കെർച്ച് പാലത്തിലുണ്ടായ സ്ഫോടനത്തിൻറെ ദൃശ്യം | ഫോട്ടോ: എ.എഫ്.പി.

ഹാര്‍ക്കിവ്: 'ക്രൈമിയ ഇപ്പോള്‍ മേഘാവൃതമാണ്, പക്ഷേ എത്ര ഇരുണ്ടതാണെങ്കിലും നമ്മുടെ ഭാവി പ്രസന്നമായിരിക്കുമെന്ന് യുക്രൈന്‍കാര്‍ക്ക് അറിയാം', ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡമിര്‍ സെലന്‍സ്‌കിയുടെ വാക്കുകളാണിവ. ക്രൈമിയന്‍ മുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം-കെര്‍ച്ച് പാലം- സ്ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ വീഡിയോ സന്ദേശം പുറത്തുവന്നത്. പക്ഷേ, സ്ഫോടനത്തെക്കുറിച്ച് നേരിട്ടുള്ള ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സ്‌ഫോടനത്തിനുപിന്നില്‍ യുക്രൈയ്ന്‍ ആണെന്ന് റഷ്യ ആരോപിക്കുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിനെയും റഷ്യയെയും പരിഹസിക്കുകയാണ് യുക്രൈയ്ന്‍.

സ്‌ഫോടനത്തിനുപിന്നില്‍ യുക്രൈനാണെന്ന് ക്രൈമിയയിലെ റഷ്യന്‍ നിയമിത പാര്‍ലമെന്റിന്റെ സ്പീക്കര്‍ ആരോപിച്ചുകഴിഞ്ഞു. സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ച്ചനേരിടുമ്പോള്‍ യുക്രൈന്റെ പ്രതികരണം തീവ്രവാദസ്വഭാവമുള്ളതാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ കുറ്റപ്പെടുത്തി. ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തില്ലെങ്കിലും പാലം തകര്‍ക്കല്‍ തുടക്കമാണെന്നും നിയമവിരുദ്ധമായതെല്ലാം തകര്‍ക്കപ്പെടണമെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖൈലോ പൊഡോളിയാക് ട്വീറ്റു ചെയ്തത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.യുക്രൈന്‍-റഷ്യ യുദ്ധമുഖത്തെ തന്ത്രപ്രധാന ഘടകമായി കെര്‍ച്ച് പാലം മാറുന്നതെങ്ങനെ? അത് തകര്‍ക്കപ്പെടുമ്പോള്‍ റഷ്യ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?

കെര്‍ച്ച് പാലം- യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന പാത

തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം. കെര്‍ച്ച് കടലിടുക്കിന് കുറുകെയുള്ള റെയില്‍-റോഡ് പാലത്തില്‍ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റഷ്യയുടെ ദേശീയ ഭീകരവാദവിരുദ്ധ സമിതിയുടെ വിശദീകരണം. റഷ്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന സ്ഥാനമാണ് കെര്‍ച്ച് പാലത്തിനുള്ളത്. 19 കിലോമീറ്റര്‍ നീളമുള്ള കെര്‍ച്ച് പാലം യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ്. 2018 മേയ് 15-ന് പ്രസിഡന്റ് വ്ളാഡമിര്‍ പുതിനാണ് പാലം ഉദ്ഘാടനം ചെയ്തത്.

കെർച്ച് പാലത്തിലുണ്ടായ സ്ഫോടനം | ഫോട്ടോ: എ.പി.

സ്ഫോടത്തില്‍ പാലത്തിന് കേടുപാട് സംഭവിച്ചെങ്കിലും കരവഴിയും കടല്‍വഴിയും സൈനികര്‍ക്ക് അവശ്യസാധനങ്ങള്‍ മുടക്കമില്ലാതെ എത്തിക്കാനാകുന്നുണ്ടെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈമിയയില്‍ 15 ദിവസത്തേക്കുവേണ്ട ഇന്ധനശേഖരം ഉണ്ടെന്നും കൂടുതല്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചെന്നും ഊര്‍ജമന്ത്രാലയവും അറിയിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന് 10 മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ റോഡ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാനും റഷ്യയ്ക്കായി. റെയില്‍ ഗതാഗതവും ആരംഭിക്കാനായെന്ന് ഗതാഗതമന്ത്രാലയം വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ റോഡിന്റെ രണ്ടു ഭാഗങ്ങള്‍ തകര്‍ന്ന് കടലില്‍ വീണിരുന്നു. ഇതിലൂടെ യാത്രചെയ്യുകയായിരുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ടു. സമാന്തര റെയില്‍പ്പാളത്തിലൂടെ നീങ്ങുകയായിരുന്ന തീവണ്ടിയിലെ ഏഴോളം എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചിരുന്നു. ഇരുനൂറ്റമ്പതോളം ആളുകളുടെ ശ്രമഫലമായാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചതെന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ റഷ്യയുടെ അടിയന്തര സേവനമന്ത്രാലയം അവകാശപ്പെട്ടു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഉത്തരവിട്ട് കഴിഞ്ഞു. പാലത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

'ഹാപ്പി ബര്‍ത്ത്ഡേ പ്രസിഡന്റ്'; പുതിന് പിറന്നാള്‍ ആശംസകള്‍

റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുതിന്റെ ഏഴുപതാം പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് പാലത്തില്‍ സ്ഫോടനം നടന്നത്. പ്രസിഡന്റിന്റെ പിറന്നാളിനെയും സ്ഫോടനത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് പരിഹസിക്കാനും യുക്രൈന്‍ മറന്നില്ല. മെര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ 'ഹാപ്പി ബര്‍ത്ത്ഡേ പ്രസിഡന്റ്' എന്ന ഗാനത്തിന്റെ വീഡിയോയ്ക്കൊപ്പം സ്ഫോടനത്തിന്റെ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ് യുക്രൈന്റെ ദേശീയ സുരക്ഷ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ മേധാവി. ഗുഡ്മോര്‍ണിങ് യുക്രെയ്ന്‍ എന്ന ക്യാപ്ഷനോടൊപ്പമാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1962 മാഡിസണ്‍ സ്‌ക്വയറില്‍ വെച്ച് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് വേണ്ടിയാണ് മണ്‍റോ ഈ ഗാനം ആലപിച്ചത്.

ഫെബ്രുവരി 24 യുദ്ധം ആരംഭിച്ചതു മുതല്‍ക്കെ ഒട്ടുമിക്ക യുക്രൈന്‍ ഉദ്യോഗസ്ഥരും ഈ പാലം തകര്‍ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. സ്ഫോടനത്തിന്റെ സ്മരണാര്‍ഥം പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നാണ് യുക്രൈന്റെ തപാല്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. സ്ഫോടനത്തില്‍ ബ്രിട്ടനിലെ രാഷ്ട്രീയ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ റഷ്യയെ പരിഹസിച്ച് എത്തുന്നുണ്ട്. തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ റഷ്യയ്ക്ക് സാധിക്കും, പക്ഷേ ഒരു യുദ്ധത്തില്‍ തോറ്റുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ രാഷ്ട്രീയ വിദഗ്ധനായ ജെയിംസ് നിക്സെ അഭിപ്രായപ്പെട്ടു.

മുറിവേറ്റ 'നൂറ്റാണ്ടിന്റെ നിര്‍മാണം'

'നൂറ്റാണ്ടിന്റെ നിര്‍മാണം' എന്നാണ് വ്ളാഡമിര്‍ പുതിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ കെര്‍ച്ച് പാലത്തെ റഷ്യന്‍ മാധ്യമങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. യുക്രൈയ്ന് മേല്‍ റഷ്യയുടെ കടന്നുകയറ്റം ആരംഭിച്ചതു മുതല്‍ക്കേ ഈ പാലത്തിന് ശക്തമായ സുരക്ഷ നല്‍കിവരികയായിരുന്നു. പാലത്തിലുണ്ടായ സ്ഫോടനം വരുംദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന ശക്തമായ തിരിച്ചടിയുടെ സൂചനയായി ഒട്ടേറെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറെപ്പേരും പുതിന്റെ പിറന്നാളിന് പിന്നാലെ സ്ഫോടനം നടന്നത് വളരെയേറെ ഗൗരവമുള്ള കാര്യമായാണ് കാണുന്നത്. റഷ്യയ്ക്ക് ലഭിച്ചിരിക്കുന്ന കനത്ത തിരിച്ചടിയാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സാമ്പത്തികമായി റഷ്യയ്ക്ക് വളരെയധികം ബാധ്യതയും ഈ സ്ഫോടനം വരുത്തിവച്ചിട്ടുണ്ട്.

കെർച്ച് പാലത്തിലുണ്ടായ സ്ഫോടനത്തിന്‍റെ ആകാശ ദൃശ്യം | ഫോട്ടോ: എ. എഫ്. പി.

നാല്‍പ്പതിനായിരത്തോളം കാറുകളെ ദിനംപ്രതി താങ്ങാനുള്ള ശേഷി കെര്‍ച്ച് പാലത്തിനുണ്ട്. വര്‍ഷത്തില്‍ ഒന്നരക്കോടി യാത്രക്കാരും ഒന്നേകാല്‍ ടണ്‍ ചരക്കും ഇതിലൂടെ കടന്നുപോകുന്നുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനരാരംഭിച്ചുവെങ്കിലും സാധനങ്ങള്‍ വിതരണംചെയ്യുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും ക്രൈമിയയില്‍ നിന്നും റഷ്യയിലേയ്ക്ക് ഇപ്പോഴും പോകാനാകില്ല. ക്രൈമിയയില്‍ നിന്ന് റഷ്യയിലേയ്ക്ക് പോകാന്‍ ഈ വാഹനങ്ങള്‍ കടത്ത് മാര്‍ഗത്തെ ആശ്രയിക്കണം. ക്രൈമിയയിലെ ഈ കടത്ത് മാര്‍ഗം സൗജന്യമായിരിക്കുമെന്നും ഇത് ബജറ്റില്‍ നികത്തുമെന്നും റഷ്യ നിയമിച്ച ക്രൈമിയന്‍ മേധാവി സെര്‍ജി അക്സെനോവ് അറിയിച്ചു. ഇവിടെനിന്ന് മടങ്ങാന്‍ കഴിയാത്ത വിനോദസഞ്ചാരികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും ഒരുക്കാമെന്ന് ഹോട്ടലുകള്‍ അറിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലത്തിലെ വിളക്കുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

റഷ്യന്‍ സൈന്യത്തിന് പാലം ഉപയോഗിക്കുന്നതില്‍ കൂടുതല്‍ തടസം നേരിട്ടാല്‍ തെക്കന്‍ യുക്രൈ്‌നിലെ സേനകളിലേക്കുള്ള വിതരണശൃംഖലകള്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതും റഷ്യയെ ആശങ്കയിലാക്കുന്നുണ്ട്. മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ യുക്രൈന്റെ ദീര്‍ഘദൂര റോക്കറ്റ് ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയും റഷ്യയ്ക്കുണ്ട്.

Content Highlights: Impact of Kerch bridge blast, Ukraine- Russia war


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented