ബാങ്കോങ്: ബാങ്കോക്കിൽ കോവിഡ് തീർത്ത പ്രതിസന്ധിയിൽ തകർന്ന ടാക്സി കേന്ദ്രത്തിലെ കാറുകൾക്ക് മേലെ പച്ചക്കറിത്തോട്ടം ഇടംപിടിച്ചു. സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായും ജോലിക്കാർക്ക് ഉപജീവനം നൽകാനുള്ള മാർഗവുമായാണ് ടാക്സി കേന്ദ്രത്തിലെ കാറുകൾക്ക് മുകളിൽ ഇത്തരത്തിൽ ചെറിയ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി ലോകത്തെ പല മേഖലകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭീകരത എത്രത്തോളം ഉണ്ട് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് തായ്ലാൻഡിലെ ബാങ്കോക്കിൽ നിന്ന് പുറത്തു വന്ന കാറുകൾക്ക് മുകളിൽ തീർത്ത കൃഷിത്തോട്ടങ്ങളുടെ ദൃശ്യങ്ങൾ.

കോവിഡ് വ്യാപനത്തിൽ വരുമാനം നിലച്ചതിനെത്തുടർന്ന് സേവനം നിർത്തേണ്ടിവന്ന കാറുകളുടെ മുകൾ ഭാഗമാണ്‌ ഇത്തരത്തിൽ പച്ചക്കറിത്തോട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

കോവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സഹായം നൽകാത്ത സർക്കാരിനോടുള്ള പ്രതിഷേധവും ഒപ്പം ജോലിക്കാർക്ക് ഭക്ഷണം നൽകാനുള്ള മാർഗവുമായാണ് തോട്ടങ്ങളെ കാണുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.

Thai
Photo: AP

കാറുകളുടെ മുകളിൽ മുളങ്കമ്പുകൾ കൊണ്ട് അതിര് കെട്ടി കറുത്ത പ്ലാസ്റ്റിക് കവർ വിരിച്ച് അതിന് മുകളിൽ മണ്ണിട്ടാണ് പച്ചക്കറികൾ നട്ടിരിക്കുന്നത്. തക്കാളി, വെള്ളരിക്ക, ബീൻസ് തുടങ്ങിയ വിവിധ തരങ്ങളായ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. 

ബാങ്കോക്കിലെ രത്ചാപുർത് ബോവോൺ എന്നീ ടാക്സി കേന്ദ്രങ്ങളിലെ 2500 ടാക്സി കാറുകളിൽ 500 എണ്ണം മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളതെന്ന് 54കാരനായ ടാക്സി കേന്ദ്രത്തിലെ ജോലിക്കാരൻ തപാകോൺ അസവാലെർതഗുൽ പറയുന്നു.

തലസ്ഥാന നഗരി കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് നിശ്ശബ്ദമാണ്. നിരക്ക്‌ കുറച്ചു കൊടുത്ത് യാത്രക്കാരെ കൊണ്ടു പോകാനുള്ള മത്സരത്തിൽ പല ഡ്രൈവർമാരുടേയും വരുമാനം കുത്തനെ കുറഞ്ഞു. 

Thai
Photo: AFP

ജനങ്ങളിൽ പലരും വാഹനങ്ങളെയായിരുന്നു നേരത്തെ ആശ്രയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയോടെ അത്തരത്തിൽ ഒരു ചിലവ് താങ്ങാൻ സാധിക്കാതെ വരികയും നടന്ന് തന്നെ പോകാൻ തുടങ്ങിയെന്നും അസവാലെർതഗുൽ പറയുന്നു.

കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തിൽ ഭീതിയോടെ പ്രാദേശികരായ പല ഡ്രൈവർമാരും അവരുടെ കാറുകൾ തിരിച്ചു നൽകി വീടുകളിലേക്ക് പോയി. രണ്ടാം ഘട്ടത്തിലും ഇത്തരത്തിൽ ഭീതി പരന്നപ്പോൾ കൂടുതൽ പേരും തൊഴിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പലരും ഗ്യാസ് സ്റ്റേഷനുകളിൽ കാറുകൾ ഇട്ട് പോയി വിളിച്ചു പറയുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

വർഷാരംഭത്തിൽ ആയിരക്കണക്കിന് ഡ്രൈവർമാരാണ് കാറുകൾ ടാക്സി കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിച്ചത്. 

പുതിയ കോവിഡ്‌ തരംഗത്തിൽ തായ്ലാൻഡ് വൻ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ തന്നെ 23,400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രതിസന്ധി മറികടക്കാൻ സാധിക്കും എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

Thai
Photo: AP

തായ്ലാൻഡിൽ ഇതുവരെ ആയി ഒരു കോടി 40 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14,000 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് വളരെപെട്ടെന്ന് തന്നെ ഒരു സഹായം ലഭിച്ചില്ലെങ്കിൽ ടാക്സി മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും എന്ന് അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 

കാറുകൾക്ക് മുകളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കി പുതിയൊരു വരുമാന മാർഗം ഉണ്ടാക്കുകയല്ല ചെയ്തത്. മറിച്ച് ജോലിക്കാർക്ക് വേണ്ട ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ സർക്കാരിനെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാണ് ഇതെന്ന് തപാകോൺ പറയുന്നു. 

നേരത്തെ പ്രളയം പോലെയുള്ള പലതരത്തിലുള്ള പ്രതിസന്ധികൾ തായ്ലാൻഡ് നേരിട്ടിട്ടുണ്ടെങ്കിലു ഇത്തരത്തിൽ ഒരു പ്രതിസന്ധി ഇതാദ്യമായാണെന്ന് അദ്ദേഹം പറയുന്നു.

Content highlights: Idled Thai taxis go green with mini-gardens on car roofs