ബ്യൂണിസ് ഐറിസ്: അര്‍ജന്റീനയിലെ ലോസ് ഗ്ലേഷ്യഴ്‌സ് ദേശീയ പാര്‍ക്കിലെ ഹിമപാളിയുടെ ഭാഗമായിരുന്ന സ്വാഭാവിക മഞ്ഞുപാലം തകര്‍ന്നു വീണു. ഏറെ പ്രശസ്തമായ ഈ മഞ്ഞുപാലം കാണാന്‍ നിരവധിയാളുകളാണ് എത്താറുണ്ടായിരുന്നത്‌

ഞായറാഴ്ച രാത്രിയോടെ കടുത്തകാറ്റിനെ തുടര്‍ന്നാണ് പാലം തകര്‍ന്നു വീണതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഈ സമയം പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

പാറ്റഗോണിയ മേഖലയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിലെ പെറിറ്റോ മൊറെനോ എന്ന ഹിമപാളിയിലാണ് മഞ്ഞുപാലം രൂപപ്പെട്ടിരുന്നത്.

സമീപത്തെ കനാലില്‍നിന്ന് ഒഴുകിവരുന്ന വെള്ളം, മഞ്ഞുപാളിയുടെ അടിഭാഗത്തെ ഒഴുക്കിക്കൊണ്ടു പോകുന്നതിന്റെ  ഭാഗമായാണ് മഞ്ഞിന്റെ പാലം രൂപം കൊണ്ടിരുന്നത്.

2004 ലാണ് പാലം ഇതിനു മുമ്പ് തകര്‍ന്നു വീണത്‌. പിന്നീടുള്ള 14 വര്‍ഷത്തിനിടെ ഒരുവട്ടം പോലും പാലം തകര്‍ന്നിട്ടില്ല. 2004നു മുമ്പ് ഇടയ്ക്കിടെ പാലം തകര്‍ന്നു വീഴാറുണ്ടായിരുന്നു.

യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശമാണ് പാറ്റഗോണിയ ഹിമപാളി. നിരവധിയാളുകളാണ് സ്വാഭാവികമായി രൂപം കൊണ്ട മഞ്ഞുപാലം കാണാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്.

content highlights: Ice bridge formed in argentine glacier crash down