കാബൂള്‍: താലിബാന്‍ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാന്‍ സർക്കാരില്‍ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തയാളുടെ മകന്‍. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി -814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാന്‍ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാന്‍ സർക്കാരിലെ പ്രതിരോധ മന്ത്രി.

ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ പദ്ധതിയിട്ടുകൊണ്ടാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ റാഞ്ചിയത്. ഇതിനേത്തുടർന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, അല്‍ ഉമര്‍ മുജാഹിദ്ദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, ബ്രിട്ടീഷ് വംശജനായ അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് ശൈഖ് എന്നിവരെ മോചിപ്പിക്കാന്‍ ഇന്ത്യ അന്ന് നിര്‍ബന്ധിതമായിരുന്നു.

വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ഇവര്‍ ബന്ദികളാക്കിയിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടെങ്കിലും വിമാനത്തില്‍ കയറിക്കൂടിയ 5 ഭീകര്‍ വിമാനം ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയോടെയായിരുന്നു വിമാനം റാഞ്ചിയത്. 

യാക്കൂബിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സിറാജുദ്ദീന്‍ ഹഖാനി, മുല്ല ഹസ്സന്‍ അഖുണ്ട് തുടങ്ങിയവരും പുതിയ സർക്കാരിന്‍റെ ഭാഗമാണ്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന അഫ്ഗാനിസ്ഥാനിലെ സജീവ തീവ്രവാദി വിഭാഗമായ ഹഖാനി നെറ്റ്വര്‍ക്കിന്റെ സ്വാധീനം വെളിവാക്കുന്നതാണ് പുതിയ സർക്കാരിലെ അംഗങ്ങളുടെ നിയമനങ്ങള്‍.

Content Highlights: IC-814 hijack plotter's son is the defence minister of taliban Afghanistan