പാരീസ്: റഫാല്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനിടെ സെല്‍ഫിയെടുത്ത് ഇന്ത്യന്‍, ഫ്രെഞ്ച് പൈലറ്റുമാര്‍. ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെയാണ് സംഭവം. ഫ്രാന്‍സില്‍ നടക്കുന്ന വ്യോമാഭ്യാസത്തിനിടെ ഫ്രഞ്ച് പൈലറ്റ് ഇന്ത്യയുടെ സുഖോയ് 30 യുദ്ധ വിമാനവും ഇന്ത്യന്‍ പൈലറ്റ് ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധ വിമാനവും പറത്തിയാണ് സെല്‍ഫിയെടുത്തത്.

ജൂലലൈ 1 മുതല്‍ 14 വരെ ഫ്രാന്‍സിലെ മോണ്ട്-ഡി-മാര്‍സന്‍ എയര്‍ ബേസില്‍ വെച്ചാണ് വ്യോമാഭ്യാസം നടക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റായ സൗരബ് അംബൂര്‍ ആണ് ഇന്ത്യക്ക് വേണ്ടി റഫാല്‍ യുദ്ധ വിമാനം പറത്തിയത്. വ്യോമാഭ്യാസ സെല്‍ഫികള്‍ ഇന്ത്യന്‍ വ്യോമസേനയും ഫ്രെഞ്ച് വ്യോമസേനയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലെ അനുഭവങ്ങളും അറിവുകളും പകരുന്നതിന് ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. നേരത്തെ ഗരുഡയുടെ ഭാഗമായി തന്നെ ആകാശത്ത് വെച്ച് സുഖോയ് 30എംകെഐ വിമാനത്തില്‍ ഇന്ധനം നിറച്ചും ഇന്ത്യന്‍ വ്യോമസേന ചരിത്രം കുറിച്ചിരുന്നു.

നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്ആര്‍എ ഇന്ധന വിമാനവുമായാണ് വ്യോമസേന ഫ്രാന്‍സിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനങ്ങളെയാണ്‌ അണി നിരത്തിയത്. ഇരുസേനകളുടെയും പരസ്പര പ്രവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം. 2014 ലെ ഗരുഡ അഭ്യാസം ജോധ്പുര്‍ വ്യോമതാവളത്തിലാണ് നടന്നത്.

content highlights: IAF, French Air Force fighter pilots take selfies while flying Rafale, Sukhoi jets