കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം കാബൂളിലെത്തി. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിങ്കളാഴ്ച വൈകീട്ടോടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 

നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാർ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യന്‍ സംഘത്തിന് വ്യോമസേനയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യന്‍ സംഘവുമായുള്ള വ്യോമസേനാ വിമാനം ഡല്‍ഹിയിലേത്തിയേക്കും. 

അഫ്ഗാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാവി പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു വൈകീട്ട് ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. 

താലിബാന്‍ ഭരണം കൈയടക്കിയതോടെ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി ജനങ്ങള്‍ ഇരച്ചെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനുള്ള വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കാബൂള്‍ വ്യോമപാതയും അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിമാനം താജിക്കിസ്താനിലാണ് ഇറങ്ങിയത്. കാബൂള്‍ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രണ വിധേയമായ ശേഷമാണ് ഇന്ത്യന്‍ വിമാനം ഇവിടേക്കെത്തിയത്. 

content highlights: IAF C-17 Globemaster lands in Kabul to airlift stranded Indian nationals, officials