file photo
വാഷിങ്ടൺ: കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം.
"അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക" എന്നാണ് ട്രംപ് പ്രതികരിച്ചത്.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരനിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചെന്നും യു.എസ്. രഹസ്യാന്വേഷകര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 15-ന് മുത്തച്ഛന്റെ പിറന്നാള്‍ വാര്‍ഷികാഘോഷത്തിലടക്കം പങ്കെടുക്കാത്തതാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംശയം ഉയരാന്‍ കാരണമായത്. അതിന് നാലുദിവസംമുമ്പ് ഒരു പ്രധാനയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തതായി രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടുചെയ്തു.
എന്നാല്‍, യു.എസ്. ദേശീയസുരക്ഷാവിഭാഗം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്നിന്റെ വക്താവും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പും പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികരിക്കാതെ സൗഖ്യം നേരുന്നു എന്ന വാചകത്തില്‍ ട്രംപ് തന്റെ പ്രസ്താവന ഒതുക്കിയത്.
അദ്ദേഹം സുഖ്യമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"വാര്‍ത്തയില്‍ പറയുന്ന പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്". വാര്‍ത്ത സത്യമാണോ അല്ലയോ എന്ന തനിക്കറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
content highlights: I Wish Him Well says Trump On Reports Of Kim Jong Un's health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..