
നിക്കോൾ ഗീ| Photo: AP
വാഷിങ്ടണ്‍: അമേരിക്കന്‍ പട്ടാള യൂണിഫോമും രക്ഷാകവചവും ധരിച്ച്, മുടി പിന്നിലേക്ക് കെട്ടിവെച്ച് ഒരു കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുനില്‍ക്കുന്ന ഒരു ചിത്രം. അതായിരുന്നു അമേരിക്കയുടെ മറീന്‍ സെര്‍ജന്റ്- നിക്കോള്‍ ഗീ, അഫ്ഗാനിസ്താനില്‍നിന്ന് അവരുടെ കുടുംബത്തിന് അവസാനമായി അയച്ച ഫോട്ടോ. ഒരു കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു- 'ഞാന്‍ എന്റെ ജോലിയെ സ്നേഹിക്കുന്നു'.
അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞദിവസമുണ്ടായ ഇരട്ടസ്ഫോടനത്തില്‍ കൊല്ലപ്പെട്ട 13 അമേരിക്കന്‍ സൈനികരില്‍ ഒരാളാണ് നിക്കോള്‍. രണ്ട് വനിതാ സൈനികരാണ് അന്ന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മസാച്യുസെറ്റ്സിലെ ലോറന്‍സ് സ്വദേശിയായ റോസാരിയോ പിക്കാഡോയാണ് കാബൂള്‍ സ്ഫോടനങ്ങളില്‍ നിക്കോളിനൊപ്പം ജീവന് നഷ്ടപ്പെട്ട മറ്റൊരു അമേരിക്കന്‍ മറീന്‍. 25-കാരിയായിരുന്നു ഇവര്‍. മേയ് മാസത്തില്‍ റൊസാരിയോക്ക് മികച്ച സേവനത്തിനുള്ള അഭിനന്ദനം ലഭിച്ചിരുന്നു.
അഫ്ഗാനില്‍ കുടുങ്ങിയ അമേരിക്കക്കാരെയും തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാന് പൗരന്മാരെയും അമേരിക്കയിലേക്ക് സുരക്ഷിതരായി എത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു നിക്കോള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സൈനികാംഗങ്ങള്‍. കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ ഇരുന്നോറോളം പേരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാന് ഭരണം താലിബാന് പിടിച്ചതിനു പിന്നാലെ പതിനായിരങ്ങളാണ് രാജ്യത്തുനിന്ന് പലായനം ചെയ്യുന്നത്. കാബൂള്‍ വിമാനത്താവളത്തിനു പുറത്തുനിന്നുള്ള ചിത്രമായിരുന്നു നിക്കോള്‍ കുടുംബാംഗങ്ങള്‍ക്കായി അയച്ചത്. കാലിഫോര്‍ണയയിലെ റോസ് വില്ലെ സ്വദേശിയായിരുന്നു 23-കാരിയായ നിക്കോള്‍. മറീന്‍ ആകാന്‍ അവള്‍ക്ക് ഇഷ്ടമായിരുന്നു. മറ്റൊന്നുമാകാന്‍ അവള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല- നിക്കോളിന്റെ സഹോദരീഭര്‍ത്താവ് ഗബ്രിയേല്‍ ഫുക്കോ ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ചു. 2017-ലാണ് നിക്കോള്‍ യു.എസ്. സേനയില്‍ ചേര്‍ന്നത്.
അവളുടെ കാര്‍ ഞങ്ങളുടെ ലോട്ടിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. അത്ര വൃത്തിക്കൊന്നുമല്ല. ലളിതം. പക്ഷെ അത് അവിടെത്തന്നെയുണ്ട്. ഒരു സ്ഫോടനം നടന്നു. അതുപോലെ അവളും പോയി. അവളുടെ കാര്‍ ഇവിടെത്തന്നെയുണ്ട്. അവള് എന്നന്നേക്കുമായി പോയി- നിക്കോളിന്റെ മരണത്തിന് പിന്നാലെ അവരുടെ സുഹൃത്ത് മാലറി ഹാരിസണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
content highlights: i love my job- us marine sends photo to family before she killed in kabul attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..