ടെൽ അവീവ്: പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഇരുന്നൂറു പേരെ പൂർണ്ണ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്റെ പുതിയ ഇൻസ്റ്റലേഷൻ. ശരീരത്തിൽ വെളുത്ത ചായം മാത്രം പൂശിയാണ് ഇവർ ചാവുകടലിനരികിലൂടെ നടന്ന് നീങ്ങുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റലേഷൻ ഒരുക്കിയത് എന്ന് സ്പെൻസർ പറയുന്നു.

Tunick
Photo: AFP

54കാരനായ ഫോട്ടോഗ്രാഫർ സ്‌പെന്‍സര്‍ ടുണിക് ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈ ഇന്‍സ്റ്റലേഷന്‍ രൂപകല്‍പന ചെയ്തത്.

Tunick
Photo: AP

ശരീരം എന്നത് തന്റെ കാഴ്ചപ്പാടിൽ സൗന്ദര്യം, ജീവിതം, പ്രണയം ഒക്കെയാണെന്നും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണു താനെന്നും സ്പെൻസർ പറയുന്നു. 2011-ല്‍ ആണ് ചാവുകടലുമായി ബന്ധപ്പെട്ട് സ്പെൻസർ ആദ്യമായി ഇൻസ്റ്റലേഷൻ ഒരുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നിരവധി നഗ്ന ഇൻസ്റ്റലേഷനുകളൊരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ.  1990 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ നിരവധി ഫോട്ടോഷൂട്ടുകളാണ് സ്പെൻസർ ഇതുവരെ നടത്തിയിട്ടുള്ളത്.

Tunick
സ്പെൻസർ ടുണിക് | Photo: AFP

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ്ണ നഗ്ന ഇൻസ്റ്റലേഷൻ ഒരുക്കിയിരുന്നു. 2016-ലെ യുഎസ് തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. 130 സ്ത്രീകളെ നഗ്നരാക്കി അണിനിരത്തിയാണ് അന്ന് ഇന്‍സ്റ്റലേഷന്‍ സൃഷ്ടിച്ചത്.

ശരിക്കും ഇത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു കാര്യമാണ്. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ല, ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർത്ഥി അന്ന ക്ലെയ്മാൻ പറയുന്നു.

Content highlights: Hundreds pose nude for Spencer Tunick shoot near Dead Sea