വിസ്മയങ്ങളുടെ കലവറയാണ് സമുദ്രങ്ങളെന്ന് പറയാറുണ്ട്. ഇനിയും കണ്ടെത്താനിരിക്കുന്ന അദ്ഭുതങ്ങള്‍ കടലിന്റെ അടിത്തട്ടിലുണ്ടാവുമെന്ന് നമുക്കറിയാം. കടല്‍ത്തീരത്ത് നടന്നുനീങ്ങുമ്പോള്‍ കണ്‍മുന്നില്‍ വരിവരിയായി നൂറുകണക്കിന് മീനുകള്‍ ചത്ത് കരയ്ക്കടിഞ്ഞു കിടക്കുന്നത് അതിശയിപ്പിച്ചേക്കാമെന്നതില്‍ സംശയമില്ല. കുടുംബാംഗങ്ങളോടൊപ്പം മ്യുസെന്‍ബര്‍ഗ് ബീച്ചിലൂടെ നീങ്ങിയ ഡോക്ടര്‍ ടെസ് ഗ്രിഡ്‌ലിയും അദ്ഭുതപ്പെട്ടത് അതേ കാരണത്താലാണ്. 

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് മ്യുസെന്‍ബര്‍ഗ് ബീച്ച്. മീനുകള്‍ കരയ്ക്കടിഞ്ഞ് കിടക്കുന്ന വിവരം ഡോക്ടര്‍ ടെസ് ഉടനെ തന്നെ അധികൃതരെ അറിയിച്ചു. പരിസ്ഥിതി, വനം, ഫിഷറീസ് വകുപ്പിലെ വിദഗ്ധര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചത്തടിഞ്ഞത് ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നാണെന്ന് തിരിച്ചറിഞ്ഞു.

പഫര്‍ഫിഷ്(Pufferfish) എന്ന ഈ മത്സ്യത്തിന്റെ വിഷം സയനൈഡിനേക്കാള്‍ മാരകമാണ്. ടെട്രോഡോറ്റോക്‌സിന്‍(Tetrodotoxin) എന്ന ഈ വിഷം ഉള്ളിലെത്തിയാല്‍ ഡയഫ്രത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ശ്വസനപ്രക്രിയ തടസപ്പെടുന്നതോടെ മരണം സംഭവിക്കുകയും ചെയ്യും. ചത്ത മീനിലും വിഷാംശം ഉണ്ടായിരിക്കും. ഹൃദയസ്തംഭനത്തിനിടയാക്കുന്നതിനാല്‍ മരണം ഉറപ്പായതിനാല്‍ പഫര്‍ഫിഷ് ഭക്ഷ്യയോഗ്യമല്ല.  

വളര്‍ത്തുമൃഗങ്ങളെ ബീച്ചിലേക്ക് കൊണ്ടു വരരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരയ്ക്കടിഞ്ഞ വിഷമത്സ്യത്തെ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഒരു വളര്‍ത്തുനായ ചത്തതായി പ്രാദേശിക സന്നദ്ധസംഘടനയായ ആഫ്രിഓഷ്യന്‍സ് കണ്‍സര്‍വേഷന്‍ അലയന്‍സ് അറിയിച്ചു. മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ കാരണം വ്യക്തമായിട്ടില്ല. 

സമുദ്രഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട് സമുദ്രജീവികളെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍ ടെസ് ഗ്രിഡ്‌ലി. ചത്ത പഫര്‍ഫിഷ് കൂട്ടത്തെ കണ്ടെത്തിയ വീഡിയോ ഡോക്ടര്‍ ടെസ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു. താന്‍ നടന്ന വഴിയില്‍ ഓരോ മീറ്ററിലും മീനുകള്‍ കിടക്കുന്നത് കണ്ടതായി ഡോക്ടര്‍ ടെസ് പറഞ്ഞു. ഡോക്ടര്‍ ടെസിന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം ദൂരത്താണ് ബീച്ച്. കുട്ടികളും വളര്‍ത്തുനായയും ഒപ്പമുണ്ടായിരുന്നതിനാല്‍ അധികദൂരം നടക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

 

Content Highlights: Hundreds Of Sea Creatures Deadlier Than Cyanide Found Washed Up On Beach