റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിനെ തുടർന്ന് റോമിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമടക്കംചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പക്ഷികളുടെ 'കൂട്ടക്കൊല'യാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്നതെന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു.

പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. എന്നാൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചിരുന്നു. മരങ്ങൾ ധാരാളമുള്ള മേഖലയിൽ പക്ഷികളും ഏറെയുണ്ടായിരുന്നു. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകർപറഞ്ഞു.

പടക്കങ്ങൾ പൊട്ടിക്കുന്നത് മൃങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. എന്നാൽ കൂട്ടത്തോടെ പക്ഷികൾ ചത്തത് അസാധാരണമാണ്. മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

Content Highlights:Hundreds of birds found dead after New Year Eve fireworks displays in Rome