സോള്‍: ഹോട്ടല്‍ മുറികളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ച് താമസത്തിനെത്തുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ തത്സമയ സംപ്രേഷണം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദക്ഷിണകൊറിയയിലാണ് സംഭവം. ഏകദേശം 1600 പേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

അറസ്റ്റിലായവരെ കൂടാതെ മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്തെ പത്തു നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2018 നവംബര്‍ മുതല്‍ ഇത്തരത്തില്‍ അതിഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്നും ഇതിലൂടെ നാലുലക്ഷത്തിലധികം രൂപ പ്രതികള്‍ സമ്പാദിച്ചതായും പോലീസ് പറഞ്ഞു. 

ഡിജിറ്റല്‍ ടി വി ബോക്‌സുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, ഹെയര്‍ ഡ്രൈയര്‍ ഹോള്‍ഡറുകള്‍ എന്നിവയില്‍ ക്യാമറകള്‍ ഘടിപ്പിച്ചാണ് താമസത്തിനെത്തുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. തുടര്‍ന്ന് ഇവ വെബ്‌സൈറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. നാലായിരത്തോളം അംഗങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്. തത്സമയ സംപ്രേഷണം ആവര്‍ത്തിച്ചു കാണുന്നതിനും മറ്റും അംഗങ്ങളില്‍ ചിലര്‍ അധികം തുക നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

content highlights: hundred's of hotel guests secretly filmed in south korea