ലണ്ടന്‍: പ്രഭാതസവാരിക്കിടെ പാടത്ത് നിറഞ്ഞ ചതുപ്പില്‍ ഒരു 'കാല്‍വിരല്‍' പൊങ്ങിക്കിടക്കുന്നതു കണ്ടാണ് അവര്‍ പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞതോടെ പ്രത്യേക അന്വേഷണസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്നാണ് ചതുപ്പില്‍ പൊങ്ങിക്കിടന്നത് വെറുമൊരു ഉരുളക്കിഴങ്ങാണെന്ന സത്യം തിരിച്ചറിഞ്ഞത്. 

ചൊവ്വാഴ്ചയാണ് ഗേറ്റ്ഷീഡിലെ വിന്‍ലാറ്റണിലെ ചതുപ്പില്‍ മുങ്ങിക്കിടക്കുന്ന 'മനുഷ്യശരീര'ത്തെ കുറിച്ചുള്ള വിവരം പോലീസിനെ തേടിയെത്തിയത്. ഒടുവില്‍ കണ്ടെത്തിയത് ഉരുളക്കിഴങ്ങാണെന്ന് അന്വേഷണത്തിനൊടുവില്‍ 'കാല്‍വിരലി'ന്റെ ഫോട്ടോയുള്‍പ്പെടെ പങ്കുവെച്ച് പോലീസ് വകുപ്പ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. 

വിവരമറിയിച്ച വ്യക്തിയുടെ സാമൂഹിക പ്രതിബദ്ധതയെ മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായും തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുതെന്നും പോലീസ് സൂചിപ്പിച്ചു. 

സംഭവം സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുക്കാന്‍ വൈകിയില്ല. രസകരമായ പ്രതികരണങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ലഭിച്ചത്. പലരും തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ കമന്റിലൂടെ പങ്കുവെച്ചു. പോലീസ് പേര് വെളിപ്പെടുത്തിയില്ലെങ്കിലും വിവരം കൈമാറിയ സ്ത്രീയെ അനുകൂലിച്ച് പോലീസ് പങ്കു വെച്ച ഫോട്ടോയ്ക്ക് നിരവധി പേര്‍ കമന്റ് ചെയ്തു. 

 

Content Highlights: Human Foot Sparks Massive Police Search Turns Out To Be A Potato