ന്യൂയോര്‍ക്ക്: അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാനും സ്ഥിരത ഉറപ്പുവരുത്താനും ഏകദേശം ഒരുലക്ഷം കോടി ഡോളറാണ് യു.എസ്. ചെലവഴിച്ചത്. എന്നാല്‍ യു.എസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ഭരണം പിടിച്ചെടുത്തിരിക്കുന്നു. ഇതോടെ ഇത്രയുംകാലം അമേരിക്ക ചെലവഴിച്ച കോടിക്കണക്കിന് രൂപ പാഴ്ച്ചെലവായില്ലേ എന്നതാണ് ചോദ്യം.

പോയവര്‍ഷങ്ങളില്‍ അമേരിക്ക അഫ്ഗാനില്‍ നടത്തിയ ഇടപെടലുകളുടെ വിജയവും പരാജയവും വിലയിരുത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഒരു നിരീക്ഷണസമിതിയെ നിയോഗിച്ചിരുന്നു. സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്താന്‍ റീകണ്‍സ്ട്രക്ഷന്‍(സിഗാര്‍) എന്നായിരുന്നു ഈ നിരീക്ഷണസംഘത്തിന്റെ പേര്. അമേരിക്ക അഫ്ഗാനില്‍ നടപ്പിലാക്കിയ പല പദ്ധതികളും പാഴ്ച്ചെലവുകളാണെന്നായിരുന്നു ഈ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലെ പ്രധാനപ്പെട്ട പത്ത് പദ്ധതികള്‍ പ്രത്യേകമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

549 മില്ല്യണ്‍ ഡോളറിന്റെ വിമാനങ്ങള്‍ 

നവീകരിച്ച 20 ജി222 ട്വിന്‍-ടര്‍ബോപ്രോപ് വിമാനങ്ങള്‍ക്കായി 549 മില്ല്യണ്‍ ഡോളറാണ് യു.എസ്. ചെലവഴിച്ചത്. അഫ്ഗാന്‍ വ്യോമസേനയെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്രയും തുക ചെലവാക്കിയത്.  ഇതില്‍ 16 വിമാനങ്ങളും തുടര്‍ച്ചയായ അറ്റക്കുറ്റപ്പണികള്‍ കാരണം പണിമുടക്കി. പറക്കാന്‍ അനുയോജ്യമല്ലാത്ത ഈ വിമാനങ്ങളെല്ലാം കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു. ഇവയെല്ലാം പിന്നീട് ആക്രിവിലയ്ക്ക് വില്‍ക്കുകയും ചെയ്തു. 

തകര്‍ന്ന റോഡുകള്‍...

അഫ്ഗാനിലെ ഗാര്‍ഡസ് സിറ്റിക്കും ഖോസ്ത് പ്രവിശ്യയ്ക്കും ഇടയില്‍ 101 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ ഏകദേശം 176 മില്ല്യണ്‍ ഡോളറാണ് യു.എസ്. ചെലവിട്ടത്. എന്നാല്‍ പണി കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഈ റോഡിന്റെ പലഭാഗങ്ങളം തകര്‍ന്നതായാണ് സിഗാര്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തിയത്. 2016-ലെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിടത്ത് റോഡ് തകര്‍ന്നതായും രണ്ടിടത്ത് റോഡ് ഒലിച്ചുപോയെന്നുമാണ് വിവരം.

യൂണിഫോമിനായും വന്‍തുക

അഫ്ഗാന്‍ സൈന്യത്തിന് യൂണിഫോം വാങ്ങാന്‍ 28 മില്ല്യണ്‍ ഡോളറാണ് യു.എസ്. ചെലവാക്കിയത്. ഈ യൂണിഫോമുകളുടെ ഡിസൈനും മറ്റും അഫ്ഗാനിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലായിരുന്നു. അഫ്ഗാന്‍ പ്രതിരോധ മന്ത്രിയുടെ താത്പര്യമനുസരിച്ചാണ് ഇവ വാങ്ങിയതെന്നും കാണാന്‍ ഭംഗിയുള്ളതിനാലാണ് അദ്ദേഹം ഇവ തിരഞ്ഞെടുത്തതെന്നുമായിരുന്നു പെന്റഗണ്‍ നല്‍കിയ വിശദീകരണം.

കെട്ടിടങ്ങള്‍...

2012-ല്‍ ലോഗര്‍ പ്രവിശ്യയില്‍ ട്രെയിനിങ് റെയ്ഞ്ച് നിര്‍മിക്കാന്‍ 500,000 മില്ല്യണ്‍ ഡോളറാണ് അഫ്ഗാനിലെ ഒരു കരാറുകാരന് യു.എസ്. നല്‍കിയത്. അഫ്ഗാന്‍ ഗ്രാമങ്ങളുടെ തനത് ശൈലിയിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ ട്രെയിനിങ് റെയ്ഞ്ചിന്റെ നടത്തിപ്പ് ഏറ്റെടുത്ത് നാലുമാസം പിന്നിട്ടപ്പോഴേക്കും വന്‍ തകരാറുകള്‍ കണ്ടെത്തിയെന്നാണ് ഇന്‍സ്പെക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ച കട്ടകള്‍ കൂടുതല്‍ മണ്ണ് നിറഞ്ഞതാണെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്. ഇതോടെ കട്ടകളെല്ലാം അതിവേഗം ദ്രവിക്കുകയായിരുന്നു. 2015 ജനുവരിയിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉരുകിയൊലിക്കുന്ന കെട്ടിടങ്ങളെന്നാണ് ഇവയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ലഹരിമാഫിയക്കെതിരേ...

താലിബാന്‍ അടക്കമുള്ള തീവ്രവാദസംഘടനകളുടെ പ്രധാനവരുമാന മാര്‍ഗമാണ് ലഹരിമരുന്ന് ഉത്പാദനവും വില്‍പ്പനയും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒപ്പിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍.

15 വര്‍ഷത്തിനിടെ അഫ്ഗാനിലെ ലഹരിസംഘങ്ങള്‍ക്കെതിരേ പോരാടാന്‍ 8.6 ബില്ല്യണ്‍ ഡോളറാണ് യു.എസ്. ചെലവഴിച്ചിട്ടുള്ളത്. ഇത്രയും തുക ചെലവാക്കിയിട്ടും അഫ്ഗാനിലെ ലഹരിമരുന്ന് ഉത്പാദനം മാത്രം കുറഞ്ഞില്ല. 2017 മുതല്‍ അഫ്ഗാനിലെ ഒപ്പിയം ഉത്പാദനം റെക്കോഡ് ഭേദിച്ച് മുന്നേറിയെന്നാണ് റിപ്പോര്‍ട്ട്. ലഹരിമരുന്ന് കടത്തും വര്‍ധിച്ചു.

വൈദ്യുതി രംഗത്തും പരാജയം...

പത്ത് ലക്ഷം അഫ്ഗാനികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന പവര്‍ സ്റ്റേഷനാണ് യു.എസ്. ആസൂത്രണം ചെയ്തിരുന്നത്. ഒരു അഫ്ഗാന്‍ കമ്പനിയുമായി 116 മില്ല്യണ്‍ ഡോളറിന്റെ കരാറിലാണ് യു.എസ്. ഏര്‍പ്പെട്ടത്. എന്നാല്‍ എന്‍ജിനീയര്‍മാരുടെ കെടുകാര്യസ്ഥത കാണം ഇതില്‍ നഷ്ടമുണ്ടായെന്നും ചെലവഴിച്ച 60 മില്ല്യണ്‍ ഡോളര്‍ ഉപയോഗശൂന്യമായെന്നുമാണ് കണ്ടെത്തല്‍.

ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. വൈദ്യുതി സ്റ്റേഷനില്‍നിന്ന് വൈദ്യുതി എത്തിക്കാന്‍ സ്ഥിരമായ സംവിധാനം ഒരുക്കണമെന്ന നിബന്ധനയും ഈ കരാറിലുണ്ടായിരുന്നില്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടവറുകള്‍ക്കും ലൈനുകള്‍ക്കും സമീപം താമസിക്കുന്ന ജനങ്ങള്‍ക്ക് അത് അപകടകരമാണെന്നും ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു.

ഉപയോഗിക്കാത്ത ആസ്ഥാനമന്ദിരം 

36 മില്ല്യണ്‍ ഡോളര്‍ ചെലവാക്കി 64000 ചതുരശ്ര അടിയില്‍ കമാന്‍ഡ്-കണ്‍ട്രോള്‍ സൗകര്യത്തോടുകൂടിയ ആസ്ഥാനമന്ദിരമാണ് ഹെല്‍മാന്‍ഡ് പ്രവിശ്യയില്‍ യു.എസ്. സൈന്യം പണികഴിപ്പിച്ചത്. 1500 പേരെ ഉള്‍ക്കൊള്ളാനാകുന്ന ഈ കെട്ടിടത്തില്‍ അത്യാധുനിക വാര്‍ റൂം ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു.

തന്റെ അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെ കണ്ട ഏറ്റവും മികച്ച  കെട്ടിടമെന്നാണ് ഒരു ഇന്‍സ്പെക്ടര്‍ ഈ കെട്ടിടത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്രയും തുക ചെലവഴിച്ച് പണികഴിപ്പിച്ചിട്ടും ഈ കെട്ടിടം ഇതുവരെ ഉപയോഗിച്ചിട്ടില്ല.

ഹോട്ടല്‍ കെട്ടിടത്തിനായി വായ്പ...

209 മുറികളുടെ ഹോട്ടല്‍ കെട്ടിടം നിര്‍മിക്കാനും കാബൂള്‍ ഗ്രാന്‍ഡ് റെസിഡന്‍സ് അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിനോട് ചേര്‍ന്ന് 150 മുറികള്‍ നിര്‍മിക്കാനും ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ 85 മില്ല്യണ്‍ ഡോളറിന്റെ വായ്പയെടുത്തിരുന്നു. എന്നാല്‍ ഇത് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തല്‍. ഹോട്ടലിലെയും അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെയും നിര്‍മാണം പൂര്‍ത്തിയായില്ലെന്നും വെറും പുറന്തോട് പോലെയാണ് ഈ കെട്ടിടമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉപയോഗിക്കാത്ത സൈനിക ക്യാമ്പ്...

തുര്‍ക്കമെനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക ക്യാമ്പ് നിര്‍മിക്കാന്‍ 3.7 മില്ല്യണ്‍ ഡോളറാണ് പെന്റഗണ്‍ ചെലവാക്കിയത്. 2013-ലെ പരിശോധന സമയത്ത് ഇത് ഭാഗികമായി പൂര്‍ത്തിയായെങ്കിലും ഉപയോഗശൂന്യമായി അവശേഷിച്ചെന്നായിരുന്നു കണ്ടെത്തല്‍. അഡ്മിനിസ്ട്രേഷന്‍ കെട്ടിടം, ഫയറിങ് റേഞ്ചുകള്‍ തുടങ്ങിയ പ്രധാനഭാഗങ്ങളെല്ലാം ഉപയോഗപ്പെടുത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് ക്യാമ്പ് ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പെന്റഗണ്‍ ഉദ്യോഗസ്ഥന്റെ വിശദീകരണം.

അഫ്ഗാന്‍ സൈന്യത്തിനും കോടികള്‍...

20 വര്‍ഷത്തിനിടെ ഏകദേശം 83 ബില്ല്യണ്‍ ഡോളറാണ് അഫ്ഗാന്‍ സൈന്യത്തിന് വേണ്ടി യു.എസ്. ചെലവഴിച്ചത്. യു.എസ്. സേന അഫ്ഗാനില്‍നിന്ന് പിന്മാറിയതോടെ അഫ്ഗാന്‍ സൈന്യം ദുര്‍ബലരായി. മറുവശത്ത് താലിബാന്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്തു.

ടണ്‍കണക്കിന് ആയുധങ്ങളും സൈനികോപകരണങ്ങളുമാണ് യു.എസ്. അഫ്ഗാന്‍ സൈന്യത്തിന് വേണ്ടി കയറ്റിഅയച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം താലിബാന്‍ പിടിച്ചെടുക്കുകയായിരുന്നു. അമേരിക്ക നല്‍കിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആയുധങ്ങളും താലിബാന്‍ കൈവശപ്പെടുത്തി.

Content Highlights: how us blew their money in afganisthan